ആസ്റ്റര് ഡിഎം ഹെല്ത്ത് കെയറിന്റെ നാല് ശതമാനം ഓഹരികള്കൂടി സ്വന്തമാക്കി ഡോ. ആസാദ് മൂപ്പന്റെ കുടുംബം
Wednesday, March 29, 2023 12:43 AM IST
കൊച്ചി: ഇന്ത്യയില് ലിസ്റ്റ് ചെയ്ത വന്കിട സ്വകാര്യ ഇക്വിറ്റി നിക്ഷേപിത സ്ഥാപനങ്ങളിലൊന്നായ ആസ്റ്റര് ഡിഎം ഹെല്ത്ത് കെയറിന്റെ നാലു ശതമാനം ഓഹരികള്കൂടി ഡോ. ആസാദ് മൂപ്പന്റെ കുടുംബം സ്വന്തമാക്കി.
460 കോടി രൂപയുടെ അധിക നിക്ഷേപത്തിലൂടെ കമ്പനിയിലെ ഓഹരി പങ്കാളിത്തം 37.88 ശതമാനത്തില്നിന്ന് 41.88 ശതമാനമായി വര്ധിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് പ്രവര്ത്തിക്കുന്ന സ്ഥാപനത്തിന്റെ ഈ രംഗത്തെ വളര്ച്ചയിലുള്ള ആത്മവിശ്വാസവും തങ്ങളില് വിശ്വാസമര്പ്പിച്ച രോഗികളോടും ജീവനക്കാരോടും തുടരുന്ന പ്രതിബദ്ധതയും കണക്കിലെടുത്താണ് ആസ്റ്റര് ഡിഎം ഹെല്ത്ത് കെയറിലെ ഓഹരികള് വര്ധിപ്പിക്കാന് പ്രേരിപ്പിച്ചതെന്ന് ആസ്റ്റര് ഡിഎം ഹെല്ത്ത് കെയറിന്റെ സ്ഥാപക ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
ഉടമസ്ഥരെന്ന നിലയിലും മാനേജ്മെന്റ് തലത്തിലും ജിസിസി, ഇന്ത്യ എന്നിവിടങ്ങളിലെ ബിസിനസുകളില് തുടര്ച്ചയായ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.