ഓഹരിവിപണി ഉണർന്നില്ല; കരുത്തുകാട്ടി സ്വർണം
ഓഹരി അവലോകനം/ സോണിയ ഭാനു
Monday, March 20, 2023 2:19 AM IST
ഇന്ത്യൻ ഓഹരിവിപണികൾ തകർന്നടിഞ്ഞത് ഒരു വിഭാഗം നിക്ഷേപകർ മാറിനിന്നു വീക്ഷിച്ചപ്പോൾ മറ്റൊരു കൂട്ടർ പണം നഷ്ടപ്പെട്ട ഞെട്ടലിലാണ്. വിപണി തുടർച്ചയായ തകർച്ചയിലേക്ക് വീഴുമെന്ന് കഴിഞ്ഞലക്കം ഇതേകോളത്തിൽ നൽകിയ സൂചന നൂറുശതമാനം ശരിവയ്ക്കുന്നതായിരുന്നു നിഫ്റ്റിയുടെ ഓരോ ചലനവും. നിഫ്റ്റി രണ്ടു ശതമാനം ഇടിവുനേരിട്ടു. കഴിഞ്ഞവാരം നിഫ്റ്റിക്ക് സൂചിപ്പിച്ച 16,850 പോയിന്റിൽ വിപണിയെത്തി.
യൂറോപ്പിലെയും അമേരിക്കയിലെയും മൂന്നു ബാങ്കുകൾ തകർന്നത് ഇന്ത്യയെ സ്വാധീനിക്കില്ലെന്ന് ആർബിഐ മേധാവി വെളിപ്പെടുത്തിയെങ്കിലും വിദേശ ഓപ്പറേറ്റർമാരിതു വിശ്വസിച്ചിട്ടില്ല. പോയവാരവും വിദേശഫണ്ടുകൾ വില്പനക്കാണു മുൻതൂക്കം നൽകിയത്. 7954 കോടി രൂപയുടെ ഓഹരികളാണു വിദേശ ഓപ്പറേറ്റർമാർ വിറ്റത്. നിഫ്റ്റി 17,412 ൽനിന്നും 17,529 വരെ ഉയർന്നുനിന്ന സമയത്താണു പ്രതികൂല വാർത്തകൾ എത്തിത്തുടങ്ങിയത്. ഇതു വിദേശഓപ്പറേറ്റർമാരെ വില്പനക്കാരാക്കിയെന്നു പറയാം. അതോടെ നിഫ്റ്റി ഏകദേശം 680 പോയിന്റാണു തകർന്നത്. എന്നാൽ, 17,000 ൽ നിന്നു 16,850 ലേക്കു നിഫ്റ്റി വീണതോടെ ഷോട്ട് കവറിംഗിന്് ഓപ്പറേറ്റർമാർ മത്സരിച്ചു രംഗത്തിറങ്ങിയതു സൂചികയെ വാരാന്ത്യത്തിൽ 17,145 വരെ ഉയർത്തുകയും ചെയ്തു. മാർക്കറ്റ് ക്ലോസിംഗിൽ നിഫ്റ്റി 17,100 ലാണ്.
സൂചികയുടെ 200 ദിവസങ്ങളിലെ ശരാശരി വിലയിരുത്തിയാൽ 17,450 റേഞ്ചിൽ പ്രതിരോധം രൂപപ്പെടുന്നുണ്ടെന്നു പറയാം. നിഫ്റ്റിയുടെ 50 ആഴ്ചകളിലെ ശരാശരി 17,340ലാണ്. അതായതു നിഫ്റ്റിക്കു മുന്നേറണമെങ്കിൽ ഈവാരം 17,340-17,450 റേഞ്ചിലെ പ്രതിരോധം തകർക്കാനുള്ള കരുത്തു സൂചിക കണ്ടെത്തേണ്ടിയിരിക്കുന്നു. 100 ആഴ്ചകളിലെ മൂവിംഗ്് ആവറേജായ 16,850 ൽ കഴിഞ്ഞ ദിവസം നിഫ്റ്റി പരീക്ഷണം നടത്തി. വീണ്ടും തളർച്ചയാണു സംഭവിക്കുന്നതെങ്കിൽ അത് 16,790 വരെയാവാം.
നിഫ്റ്റി ഫ്യൂച്ചറിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് ഏകദേശം 1.8 ബില്യണ് ഡോളർ മൂല്യമുള്ള ഷോർട്ട് പൊസിഷനുകൾ സൃഷ്ടിച്ചതായാണ് ഒരു വിഭാഗം നിക്ഷേപകർ വിലയിരുത്തുന്നത്. ആ വിലയിരുത്തൽ ശരിയാണെങ്കിൽ സൂചിക 16,480 വരെ തകർന്നാലും അദ്ഭുതപ്പെടാനില്ല. അതേസമയം, ഇത്ര കനത്ത ഷോട്ട് പൊസിഷനുകളിൽ കവറിംഗിനു നീക്കം നടന്നാൽ ഒരു ബുൾ തരംഗവും പ്രതീക്ഷിക്കാം.
സെൻസെക്സ് 59,135 ൽ നിന്നും 59,500 റേഞ്ചിലേക്ക് ഉയർന്ന് 60,000 തൊടുമെന്നുവരെ ഇടപാടുകാരെ മോഹിപ്പിച്ചെങ്കിലും ഉണർവിന് അല്പായുസേ ഉണ്ടായിരുന്നുള്ളൂ. പ്രതികൂല വാർത്തകളെത്തുടർന്ന് ആഞ്ഞടിച്ച വില്പനതരംഗം സൂചികയെ 57,158 വരെ തളർത്തി. ഒടുവിൽ വ്യാപാരാന്ത്യം 57,989 പോയിന്റിലാണ്.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപയുടെനിലയും പരുങ്ങലിലാണ്. 81.91 ൽ നിന്നും 82.73 വരെ രൂപ ദുർബലമായി. 82.50 ലാണു രൂപയിപ്പോൾ. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 83.40 വരെ രൂപ തകരാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.
ആഗോളതലത്തിൽ സ്വർണം കരുത്തുകാട്ടിയ വാരമാണു കടന്നുപോയത്. ബാങ്കുകളുടെ തകർച്ചയും ഡോളറിന്റെ ചാഞ്ചാട്ടവും സ്വർണത്തെ സുരക്ഷിത നിക്ഷേപമാക്കി.
ന്യൂയോർക്കിൽ ട്രോയ് ഒൗണ്സിന് 1868 ഡോളറിൽ നിന്നു റിക്കാർഡ് വിലയിലേക്കു കുതിച്ചത് ഉൗഹക്കച്ചവടക്കാരെ ഷോട്ട് കവറിംഗിനു നിർബന്ധിതരാക്കി. അതോടെ പുതിയ ബയിംഗും നടന്നു. ഇതേത്തുടർന്ന് 1904-1924 റേഞ്ചുവരെ പ്രതീക്ഷിച്ച സ്വർണവില 1990 ഡോളർ വരെയെത്തി.
ഡെയ്ലി-വീക്കിലി ചാർട്ടുകളിൽ സ്വർണം ഉയർന്നു നിൽക്കുകയാണെങ്കിലും സാങ്കേതികമായി ഓവർ ബ്രോട്ടായതിനാൽ പ്രോഫിറ്റ് ബുക്കിംഗിനുള്ള നീക്കം ഈവാരം പ്രതീക്ഷിക്കാം. ഫെഡ് റിസർവ് പലിശനിരക്കിൽ വരുത്താൻ ഇടയുള്ള മാറ്റങ്ങളും ക്രെഡിറ്റ് സ്വീസിനെ യുബിഎസിൽ ലയിപ്പിക്കാനുള്ള ശ്രമങ്ങളും സ്വർണത്തിൽ പ്രതിഫലിക്കും.