ബാങ്കിംഗ് തകർച്ച യൂറോപ്പിലേക്കും
Thursday, March 16, 2023 1:35 AM IST
റ്റി.സി. മാത്യു
അമേരിക്കൻ ബാങ്കിംഗ് പ്രതിസന്ധി യൂറാേപ്പിലേക്കും. സ്വിറ്റ്സർലൻഡിലെ രണ്ടാമത്തെ വലിയ ബാങ്കായ ക്രെഡിറ്റ് സ്വീസ് ഞെരുക്കത്തിലായി. പല പ്രമുഖ യൂറോപ്യൻ ബാങ്കുകളുടെയും ഓഹരികൾ ഇന്നലെ ഇടിഞ്ഞു. അമേരിക്കയിൽ ഒരു ദിവസത്തെഇടവേളയ്ക്കു ശേഷം ബാങ്കുകളുടെ ഓഹരികൾ വീണ്ടും കൂപ്പുകുത്തി. ഇന്ത്യയിലും യൂറോപ്പിലും അമേരിക്കയിലും ഓഹരി വിപണികൾ വലിയ തകർച്ചയിലുമായി.
ഓഹരികൾ ഇടിഞ്ഞതോടെ സ്വർണവില കുതിച്ചു. ഇന്നലെ രാവിലെ 1903 ഡോളറിലായിരുന്ന സ്വർണം 1885 വരെ താഴ്ന്നിട്ട് രാത്രി 1932 ഡോളറിലേക്കു കയറി. ഡോളർ സൂചിക 105ലേക്ക് അടുത്തതോടെ മറ്റു കറൻസികൾ ദുർബലമായി.
വില 30 ശതമാനം ഇടിഞ്ഞതോടെ ക്രെഡിറ്റ് സ്വീസ് ഓഹരികളുടെ വ്യാപാരം ഇന്നലെ പലവട്ടം നിർത്തിവച്ചു. മൂലധനം മുടക്കാൻ ആരെങ്കിലും തയാറായില്ലെങ്കിൽ ബാങ്കിന്റെ നിലനിൽപ്പ് അസാധ്യമാകുമെന്നതാണു നില. ബാങ്കിന്റെ 9.9 ശതമാനം ഓഹരി കൈവശമുള്ള സൗദി നാഷണൽ ബാങ്ക് കൂടുതൽ പണം മുടക്കുകയില്ലെന്നു പ്രഖ്യാപിച്ചു.
ക്രെഡിറ്റ് സ്വീസ് ചെയർമാൻ ആക്സൽ ലീമാൻ സൗദി തലസ്ഥാനത്ത് എത്തി നടത്തിയ ചർച്ച ഫലിച്ചില്ല. ഒന്നര വർഷം മുൻപ് ആർക്കെഗോസ് കാപ്പിറ്റൽ മാനേജ്മെന്റ് എന്ന ഫണ്ടുമായി ബന്ധപ്പെട്ട് 550 കോടി ഡോളർ നഷ്ടം വന്നപ്പോൾ സൗദി ബാങ്ക് ഓഹരി വാങ്ങിയാണു ക്രെഡിറ്റ് സ്വീസിനെ രക്ഷിച്ചത്.
ക്രെഡിറ്റ് സ്വീസിനൊപ്പം യൂറോപ്പിലെ മറ്റു ബാങ്ക് ഓഹരികളും ഇന്നലെ ഇടിവിലായി. സൊസൈറ്റി ഷനറാൽ, യുബിഎസ്, ബിഎൻപി പാരിബ, കൊമേഴ്സ് ബാങ്ക്, ഡോയിച്ച് ബാങ്ക് തുടങ്ങിയവയുടെ ഓഹരിവില എട്ടു മുതൽ 12 വരെ ശതമാനം ഇടിഞ്ഞു. ഇറ്റാലിയൻ ബാങ്കുകളും വലിയ തകർച്ചയിലായി. മിക്ക ബാങ്ക് ഓഹരികളുടെയും വ്യാപാരം ഇടയ്ക്കു നിർത്തിവച്ചു.
കഴിഞ്ഞ വർഷം 800 കോടി ഡോളർ നഷ്ടം വരുത്തിയതാണു ക്രെഡിറ്റ് സ്വീസ്. ബാങ്കിന്റെ കണക്കുകളിൽ ഗുരുതര പിഴവുകൾ അമേരിക്കയുടെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ചസ് കമ്മീഷൻ (എസ്ഇസി) ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞയാഴ്ച അമേരിക്കയിൽ മൂന്ന് ഇടത്തരം ബാങ്കുകൾ തകർന്ന പശ്ചാത്തലത്തിലാണ് ക്രെഡിറ്റ് സ്വീസിന്റെ പ്രശ്നങ്ങൾ രൂക്ഷമായത്. സിൽവർ ഗേറ്റ്, സിലിക്കൺ വാലി, സിഗ്നേച്ചർ എന്നീ ബാങ്കുകളാണു തകർന്നത്. സ്റ്റാർട്ടപ്പുകളുടെ ഇഷ്ടബാങ്കായിരുന്ന സിലിക്കൺ വാലി നിക്ഷേപകർ കൂട്ടമായി പണം പിൻവലിച്ച സാഹചര്യത്തിൽ പൊളിയുകയായിരുന്നു.
മറ്റു രണ്ടു ബാങ്കുകളും ക്രിപ്റ്റോ കറൻസികളുടെ വ്യാപാരത്തിൽ ബന്ധപ്പെട്ടാണു തകർന്നത്. ഈ ഇടത്തരം പ്രാദേശിക ബാങ്കുകളുടെ തകർച്ചയെ തുടർന്ന് യുഎസിലെ മൊത്തം ബാങ്ക് ഓഹരികളും തിങ്കളാഴ്ച ഇടിഞ്ഞു. ചൊവ്വാഴ്ച അവ തിരിച്ചുകയറിയെങ്കിലും ഇന്നലെ തുടക്കത്തിൽത്തന്നെ വലിയ വീഴ്ചയിലായി.
യുഎസ് ബാങ്ക് തകർച്ചകൾ ഓഹരി വിപണികളിൽ വലിയ ഇടിവിനു കാരണമായി. ഇന്ത്യൻ വിപണി ഇന്നലെ തുടർച്ചയായ അഞ്ചാം ദിവസവും താഴ്ന്നു.