തൃശൂരില്‍ ജ്വല്ലറി പാര്‍ക്ക് രണ്ടു വര്‍ഷത്തിനകം
Monday, February 6, 2023 11:31 PM IST
കോഴിക്കോട്: തൃശൂരില്‍ ജ്വല്ലറി പാര്‍ക്ക് രണ്ടു വര്‍ഷത്തിനകം യാഥാര്‍ഥ്യമാകുമെന്ന് ആള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നൽകിയ പദ്ധതിക്കായി തൃശൂര്‍ ദേശീയപാതയില്‍ അഞ്ചേക്കര്‍ സ്ഥലം കണ്ടെത്തി പ്രോജക്ട് സമര്‍പ്പിച്ചിട്ടുണ്ട്. സ്വര്‍ണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതായിരിക്കും പാര്‍ക്ക്.സ്വര്‍ണാഭരണ നിര്‍മാണം, ഹാള്‍ മാര്‍ക്കിംഗ്, പ്യൂരിഫിക്കേഷന്‍ എന്നിവ ഇവിടെ നിര്‍വഹിക്കും.
വാറ്റ് കാലഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പുനഃപരിശോധിക്കണമെന്നു ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലെല്ലാം കേസുകള്‍ തീര്‍പ്പാക്കി. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്വര്‍ണത്തിനു വിലകൂടിയ സാഹചര്യത്തില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനുള്ള പാന്‍ കാര്‍ഡ് പരിധി രണ്ടു ലക്ഷത്തില്‍നിന്ന് അഞ്ചു ലക്ഷമായി ഉയര്‍ത്തണം.
ആള് ഇന്ത്യ ജെം ആന്‍ഡ് ജുവല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജെം ആന്‍ഡ് ജുവല്ലറി ഷോ ഏപ്രില്‍ ഏഴു മുതല്‍ പത്തുവരെ മുംബൈയില്‍ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, ട്രഷറര്‍ എസ്.അബ്ദുള്‍ നാസര്‍,സെയം മെഹ്റ, രാജേഷ് റോക്കഡെ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.