ഐഐടിയുടെ മാസ്റ്റര്‍ പ്ലാന്‍, അടിമുടി മാറും ഖാദി
Friday, September 30, 2022 12:31 AM IST
കൊച്ചി: സംസ്ഥാനത്തെ ഖാദിമേഖല രൂപത്തിലും ഭാവത്തിലും മാറുന്നു. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത് മദ്രാസ് ഐഐടി. മേഖലയിലെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടെത്തി മനസിലാക്കിയ ഐഐടി സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഒരുമാസത്തിനകം ലഭിച്ചേക്കും. വൈകതെ സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ച് മാറ്റം പ്രാവര്ത്തികമാകാനൊരുങ്ങുകയാണ് സംസ്ഥാന ഖാദി ബോര്‍ഡ്.
നിര്‍മാണം മുതല്‍ വിതരണം വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സമഗ്രമാറ്റമാണ് ഖാദി ലക്ഷ്യമിടുന്നത്. ഒപ്പം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുമായി പുത്തന്‍മാറ്റങ്ങള്‍ എങ്ങനെ സമന്വയിപ്പിക്കാം എന്നതും സജീവ പരിഗണനയിലാണ്. ഉത്പന്ന വൈവിധ്യവത്കരണവും മാറ്റത്തിന്റെ ഭാഗമാകും. നാലുമാസം മുമ്പ് ഐഐടിയിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം അധികൃതര്‍ സംസ്ഥാനത്തെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു.
മുഖം മിനുക്കുന്നതിലൂടെ സ്വയം പര്യാപ്തയും ഖാദി ലക്ഷ്യമിടുന്നു. ഓണക്കാലത്ത് 25 കോടി രൂപയുടെ വില്പനയാണ് ഖാദിയില്‍ നടന്നത്. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിച്ചും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമേ പൊതുമേഖലാ സ്ഥാപനങ്ങളിലും ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയാണ് നിലവില്‍ ഖാദി.
ട്രെന്‍ഡിനൊപ്പം മാറാന്‍ ശ്രമിക്കുന്ന ബോര്‍ഡ് കൂടുതല്‍ ആധുനിക ഷോറൂമുകളും തുറക്കാനുള്ള ആലോചനയിലാണ്.
ഖാദി ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ആലോചനയിലുണ്ടെങ്കിലും സംസ്ഥാനത്തൊട്ടാകെ നിര്‍മാണവും വിപണനവും സുഗമമായതിനു ശേഷം മതിയെന്ന നിലപാടിലാണ് അധികൃതര്‍. ഫ്ളിപ്കാര്‍ട്ടുമായി സഹകരിച്ചുള്ള പ്രവര്‍ത്തങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വസ്ത്ര ഇതര ഉത്പന്നങ്ങള്‍ക്കും ഓണ്‍ലൈനില്‍ ആവശ്യക്കാരേറിയതോടെ ഇത്തരം ഉത്പന്നങ്ങള്‍ കൂടുതലായി ഓണ്ലൈനിലെത്തിക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.