സമഗ്ര ടൂറിസം വികസനത്തിന് കേരളത്തിന് ദേശീയ പുരസ്കാരം
Thursday, September 29, 2022 12:25 AM IST
തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം തവണയും സമഗ്ര ടൂറിസം വികസന വിഭാഗത്തില്‍ ദേശീയ ടൂറിസം പുരസ്കാരം നേടി കേരളം ഹാള്‍ ഓഫ് ഫെയിം ബഹുമതിക്ക് അര്‍ഹമായി. 2018-19 ലെ ടൂറിസം പുരസ്കാരങ്ങളില് രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു.
ന്യൂഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ശ്രീ ജഗദീഷ് ധന്‍കറാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷന് റെഡ്ഡി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പിന് വേണ്ടി കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ വി. വിഘ്നേശ്വരി പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
ഒരേ വിഭാഗത്തില്‍ തന്നെ മൂന്ന് തവണ തുടര്‍ച്ചയായി ദേശീയ ടൂറിസം പുരസ്കാരം ലഭിക്കുന്നവര്‍ക്കാണ് ഹാള്‍ ഓഫ് ഫെയിം ബഹുമതി നല്‍കുന്നത്. കേരളം തുടര്‍ച്ചയായി നാല് പ്രാവശ്യം സമഗ്ര ടൂറിസം വികസന വിഭാഗത്തില്‍ പുരസ്ക്കാര ജേതാക്കളായി.