വ്യവസായമുന്നേറ്റത്തിനു ഗ്രാഫീന് പാര്‍ക്ക് ശക്തിപകരും: മന്ത്രി രാജീവ്
Monday, September 26, 2022 11:46 PM IST
കൊച്ചി: നിര്‍ദിഷ്ട ഗ്രാഫീന് വ്യവസായ പാര്‍ക്ക് കേരളത്തിന്റെ വ്യവസായിക മുന്നേറ്റത്തിനു കൂടുതല്‍ ശക്തിപകരുമെന്ന് മന്ത്രി പി. രാജീവ്.
കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതില്‍ അദ്ഭുത ഉത്പന്നമായ ഗ്രാഫീനിന്റെ സാധ്യതകളെക്കുറിച്ചുള്ള ബോധവത്കരണ ശില്പശാലയും നിക്ഷേപകസംഗമവും കൊച്ചി ക്രൗണ്‍ പ്ലാസയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗ്രാഫീന് അധിഷ്ഠിത വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കരട് നയം ചര്‍ച്ച ചെയ്യുന്നതിനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി കേരളം ഇതുവരെ ഏറ്റെടുത്തിട്ടുള്ള വിവിധ സംരംഭങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള വേദിയാണ് കെഎസ്ഐഡിസിയും കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തിയ ബോധവത്കരണ ശില്പശാലയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംരംഭകത്വത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി സംസ്ഥാനം വിഭാവനം ചെയ്ത ഒരു ലക്ഷം സംരംഭം പദ്ധതിയില്‍ ആറു മാസത്തിനകം 60,000 രജിസ്ട്രേഷന് നടന്നു. ശരാശരി ഒരു മാസം 10,000 സംരംഭങ്ങള്‍ക്കാണു തുടക്കമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കേരള ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ല, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്, കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോര്‍, കേരള ഡിജിറ്റല്‍ സര്‍വകലാശാല പ്രഫസറും അക്കാദമിക് ഡീനുമായ ഡോ. അലക്സ് ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.