അഞ്ചുകോടിയുടെ ഭാഗ്യസമ്മാനവുമായി ലക്കി ബിൽ ആപ്പ് നിലവിൽ വന്നു
Wednesday, August 17, 2022 12:06 AM IST
തിരുവനന്തപുരം: സാധനങ്ങൾ വാങ്ങുന്പോൾ ലഭിക്കുന്ന ബില്ല് ജിഎസ്ടി വകുപ്പിന്റെ ലക്കി ബിൽ ആപ്പിൽ അപ് ലോഡ് ചെയ്താൽ അഞ്ചുകോടി രൂപയുടെ ഭാഗ്യസമ്മാനങ്ങൾ ലഭിക്കുന്ന പദ്ധതി നിലവിൽ വന്നു.
ജിഎസ്ടി രജിസ്ട്രേഷനുള്ള സ്ഥാപനത്തിൽനിന്നു വാങ്ങുന്ന സാധനങ്ങളുടേയും സേവനങ്ങളുടേയും ബിൽ മൊബൈൽ ആപ്പിലൂടെയാണ് അപ് ലോഡ് ചെയ്യേണ്ടത്. ഓരോ ദിവസവും ആഴ്ചയിലും സമ്മാനം ലഭിക്കും. ഇതിനു പുറമേ ബന്പർ സമ്മാനവുമുണ്ടാകും. ഉത്സവകാലത്തേക്കായി പ്രത്യേക സമ്മാന പദ്ധതി വരും.
നികുതി പിരിവ് ഊർജിതമാക്കാൻ എല്ലാവരും കൂട്ടായ പങ്ക് വഹിക്കണമെന്ന് മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ആപ്പ് ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബില്ലുകൾ കൃത്യമായി ചോദിച്ചു വാങ്ങുന്നതിനു ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി വഴി നികുതി ചോർച്ച തടയാനും വ്യാപാരികൾക്കു കൃത്യമായി നികുതി അടയ്ക്കാനും സാഹചര്യം ഒരുക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ഓണത്തിന് 25 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഉൾപ്പെടുന്ന ഉത്സവകാല നറുക്കെടുപ്പ് ഉണ്ടാകുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മന്ത്രി ആന്റണി രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, രാജേഷ്കുമാർസിംഗ്, ഡോ. സജി ഗോപിനാഥ്, രാജുഅപ്സര, ഇ.എസ്. ബിജു എന്നിവർ പ്രസംഗിച്ചു. ജിഎസ്ടി കമ്മിഷണർ ഡോ. രത്തൻ യു. ഖേൽക്കർ സ്വാഗതവും ഡോ.വീണ എൻ.മാധവൻ നന്ദിയും പറഞ്ഞു.