ഒാഹരി വിപണിയിൽ തുടർച്ചയായ മുന്നേറ്റങ്ങളുടെ കാലം
Sunday, August 14, 2022 11:33 PM IST
ഓഹരി അവലോകനം/ സോണിയ ഭാനു
വിദേശ ഫണ്ടുകളുടെ പിൻബലത്തിൽ ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ തുടർച്ചയായ നാലാം വാരത്തിലും ബുൾ റാലി നിലനിർത്തി. ഒരു മാസമായ റാലിയിൽ മുൻ നിര ഇൻഡക്സുകൾ പത്ത് ശതമാനം നേട്ടം സ്വന്തമാക്കിയത് പ്രാദേശിക നിക്ഷേപകരെ ആകർഷിച്ചു. ബുള്ളിഷ് ട്രെൻഡ് തുടരാമെങ്കിലും സാങ്കേതികമായി നിഫ്റ്റി ഡെയ്ലി, വീക്കിലി ചാർട്ടുകളിൽ ഓവർ ബ്രോട്ട് മേഖലയിലേയ്ക്ക് പ്രവേശിച്ചതിനാൽ തിരുത്തൽ സാധ്യതകയ്ക്ക് ശക്തിയേറുന്നു.
ഓരോ ഓഹരികളിലും തിരുത്തലിനിടയിൽ പുതിയ നിക്ഷേപങ്ങൾക്ക് നീക്കം നടത്തുന്നതാവും അഭികാമ്യം. പിന്നിട്ടവാരം ബോംബെ സെൻസെക്സ് 1075 പോയിൻറ്റും നിഫ്റ്റി 300 പോയിൻറ്റും ഉയർന്നു. ഒരു മാസത്തിനിടയിൽ ബി എസ് ഇ മുന്നേറിയത് 5576 പോയിന്റും എൻ എസ് ഇ 1640 പോയിന്റുമാണ്.
സാങ്കേതിക വശങ്ങളിലൂടെ വീക്ഷിച്ചാൽ നിഫ്റ്റി ട്രെൻഡ് ലൈൻ റെസിസ്റ്റൻസിനോട് അടുക്കുന്നത് ബുൾ ഇടപാടുകാരെ പ്രോഫിറ്റ് ബുക്കിങിന് പ്രേരിപ്പിക്കാം. ഇത് നിലവിലെ റാലിയ ചെറിയ അളവിൽ പിടിച്ചു നിർത്താൻ ഇടയുണ്ട്.
യു എസ്‐യുറോപ്യൻ മാർക്കറ്റുകൾ നേട്ടത്തിലാണ്, ഏഷ്യയിലേയ്ക്ക് തിരിഞ്ഞാൽ ജപ്പാൻ, ഹോങ്ങ്കോങ് വിപണികൾ കരുത്ത് കാണിച്ചെങ്കിലും ചൈനയിൽ ഷാങ്ഹായിക്ക് നേരിട്ട തളർച്ചയെ സസൂക്ഷ്മം നിരീക്ഷിക്കേണ്ട അവസരമാണ്. തിങ്കളാഴ്ച്ച സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ വിപണി അവധിയാണ്, അതുകൊണ്ട് തന്നെ ചൊവ്വാഴ്ച വിശാലമായ ഒരു വിടവ് അല്ലെങ്കിൽ ഗ്യാപ്ഡൗൺ ഓപ്പണിംഗ് സാധ്യതയുണ്ട്.
നിഫ്റ്റി സൂചിക 17,397 പോയിന്റിൽ നിന്നും മുൻവാരം വ്യക്തമാക്കിയ 17,540 ലെയും 17,683 ലെയും പ്രതിരോധങ്ങൾ തകർത്ത് 17,724 വരെ കയറിയെങ്കിലും വ്യാപാരാന്ത്യം സൂചിക 17,698 പോയിന്റിലാണ്. വിപണിയുടെ താളം കണക്കിലെടുത്താൽ 17,700 ന് മുകളിൽ ക്ലോസിംഗിൽ ഇടം കണ്ടത്തിയിരുന്നങ്കിൽ ബുൾ റാലിയുടെ അടിത്തറ അൽപ്പം ശക്തമാകുമായിരുന്നു.
എന്നാൽ ആ സാധ്യത നഷ്ടപ്പെട്ട അവസ്ഥയിലാണെങ്കിലും വിദേശ ഓപ്പറേറ്റർമാർ പിടിമുറുക്കിയാൽ നിഫ്റ്റി 17,827 ലേയ്ക്കും തുടർന്ന് 17,956 ലേയ്ക്കും ചുവടുവെക്കാം. എന്നാൽ പിന്നിട്ട നാലാഴ്ചകളിൽ കാര്യമായ പ്രോഫിറ്റ് ബുക്കിംഗിന് ഉത്സാഹിക്കാഞ്ഞ അവർ ഈവാരം ലാഭമെടുപ്പിന് നീക്കം നടത്തിയാൽ 17,466 ലെ ആദ്യ സപ്പോർട്ടിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കാം, എന്നാൽ ലാഭമെടുപ്പ് വിൽപ്പന സമ്മർദമായാൽ തിരുത്തൽ 17,234 വരെ തുടരാം.
നിഫ്റ്റിയിൽ ഇൻഡിക്കേറ്ററുകളായ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്സ്, സ്ലോ സ്റ്റോക്കാസ്റ്റിക്സ്, സ്റ്റോക്കാസ്റ്റിക്സ് ആർ എസ് ഐ എന്നിവ ഓവർ ബ്രോട്ടായത് സാങ്കേതിക തിരുത്തലുകൾക്ക് വഴിതെളിക്കാം. അതേ സമയം സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ് എ ആർ, എംഎസിഡി തുടങ്ങിയവ ബുള്ളിഷ് മൂഡിലാണ്.
ബോംബെ സെൻസെക്സ് 58,387 പോയിന്റിൽ നിന്നും 58,286 ലേയ്ക്ക് താഴ്ന്ന ശേഷമുള്ള ശക്തമായ തിരിച്ചു വരവിൽ 59,538 വരെ മുന്നേറിയ ശേഷം 59,462 പോയിന്റിൽ ക്ലോസിങ് നടന്നു. ഈവാരം 58,652 ലെ ആദ്യ താങ്ങ് നിലനിർത്തി 59,904 നെ കൈപിടിയിൽ ഒതുക്കാനുള്ള ശ്രമം വിജയം കണ്ടാൽ അടുത്ത ചുവട് വെപ്പിൽ സൂചിക 60,347 പോയിൻറ് വരെ സഞ്ചരിക്കാം. ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ 57,843 ലേയ്ക്ക് തളരാം.
വിദേശ നിക്ഷേപം ഉയർന്നിട്ടും ഡോളറിന് മുന്നിൽ രൂപയ്ക്ക് വീണ്ടും കാലിടറി. രൂപയുടെ മൂല്യം 79.23 ൽ നിന്ന് 79.63 ലേയ്ക്ക് ദുർബലമായി.
വിദേശ ഫണ്ടുകൾ പോയവാരം 7850.12 കോടി രൂപ നിക്ഷേപിച്ചു. ആഭ്യന്തര ഫണ്ടുകൾ 2478.19 കോടി രൂപയുടെ ഓഹരികൾ സൂചികയുടെ മുന്നേറ്റത്തിൽ വിറ്റു. ആഗസ്റ്റിൽ വിദേശ ഫണ്ടുകൾ 22,452 കോടി രൂപയുടെ വാങ്ങൽ നടത്തി. ജൂലൈയിൽ അവരുടെ നിക്ഷേപം 5000 കോടി രൂപയിൽ താഴെ മാത്രമായിരുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ജൂൺ വരെയുള്ള കാലയളവിൽ അവർ 2.46 ലക്ഷം കോടി രൂപയുടെ വില്പന നടത്തിയിരുന്നു.