എയർടെല്ലിലും ഗൂഗിൾ നിക്ഷേപം
Saturday, January 29, 2022 12:01 AM IST
മുംബൈ: ഭാരതി എയർടെല്ലിൽ ടെക് വന്പൻ ഗൂഗിൾ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തും. 70 കോടി ഡോളർ എയർടെല്ലിൽ ഓഹരിപങ്കാളിത്തം ലഭിക്കുന്നതിനും 30 കോടി ഡോളർ പുത്തൻ സംരംഭങ്ങളിൽ പങ്കാളിയാകുന്നതിനുമാണു നിക്ഷേപിക്കുന്നത്. ഇതോടെ എയർടെല്ലിൽ 1.28 ശതമാനം ഓഹരിപങ്കാളിത്തം ഗൂഗിളിനു സ്വന്തമാകും.
പുതിയ ഉത്പനങ്ങളും സേവനങ്ങളും ഇരു കന്പനികളുടെയും സഹകരണത്തോടെ പുറത്തിറക്കാനും പദ്ധതിയുണ്ട്. ചെലവു കുറഞ്ഞ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണ് വിപണിയിലെത്തിക്കാൻ നിർമാതാക്കളുമായി സഹകരിക്കുമെന്നും എന്നാൽ, സ്വന്തം ബ്രാൻഡിൽ സ്മാർട്ട്ഫോണ് പുറത്തിറക്കില്ലെന്നും എയർടെൽ സിഇഒ ഗോപാൽ വിറ്റൽ പറഞ്ഞു.
ഗൂഗിളിൽനിന്നുള്ള നിക്ഷേപം 5ജി രംഗത്ത് ശോഭിക്കാനും മുഖ്യ എതിരാളിയായ റിലയൻസ് ജിയോയ്ക്കു ശക്തമായ വെല്ലുവിളിയുയർത്താനും എയർടെല്ലിനു കരുത്തുപകരുമെന്നാണു വിലയിരുത്തൽ. ഇന്ത്യയിൽ വൈകാതെ ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് പദ്ധതി ആരംഭിക്കുമെന്നും നേരത്തെ എയർടെൽ പ്രഖ്യാപിച്ചിരുന്നു.
അതേസമയം എയർടെല്ലിലെ നിക്ഷേപം ഇന്ത്യയിലെ വലിയ ടെലികോം വിപണിയിൽ ഗൂഗിളിന് മേൽക്കൈ നേടിക്കൊടുക്കും. ഗൂഗിൾ നിക്ഷേപം നടത്തുന്ന രണ്ടാമത്തെ ഇന്ത്യൻ ടെലികോം കന്പനിയാണ് എയർടെൽ. നേരത്തെ റിലയൻസ് ജിയോയിൽ ഗൂഗിൾ 450 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു.
ഗൂഗിളിന്റെ പങ്കാളിത്തത്തോടെ റിലയൻസ് പുറത്തിറക്കിയ ജിയോ ഫോണ് നെക്സ്റ്റ് സ്മാർട്ട്ഫോൺ അടുത്തിടെ വിപണിയിലെത്തിയിരുന്നു.