ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം ഏപ്രിലില്‍
Friday, January 21, 2022 10:58 PM IST
കൊച്ചി: ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന സംസ്കരണ കേന്ദ്രം ആലപ്പുഴ അരൂരിൽ ഏപ്രില്‍ അവസാനവാരം പ്രവർത്തനമാരംഭിക്കും.
150 കോടി രൂപ മുതല്‍മുടക്കില്‍ 100 ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള അത്യാധുനിക സമുദ്രോത്പന്ന സംസ്കരണ കേന്ദ്രമാണിത്. സമുദ്രവിഭവങ്ങള്‍ സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നതിനോടൊപ്പം സമുദ്ര വിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കയറ്റുമതിയും ലക്ഷ്യമിടുന്നുണ്ട്. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി മാത്രം പ്രത്യേക യൂണിറ്റും പുതിയ കേന്ദ്രത്തിലുണ്ട്.
അത്യാധുനിക മെഷിനറികൾ ഡെന്മാര്ക്കില് നിന്നാണ് ഇറക്കുമതി ചെയ്തിട്ടുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ നേരിട്ടും അല്ലാതെയും 450-ലധികം പേർക്ക് പുതുതായി തൊഴില്‍ ലഭ്യമാകും. രണ്ടു യൂണിറ്റുകളിലുമായി മാസം 2,000 ടണ്‍ സമുദ്രോത്പന്നങ്ങള്‍ സംസ്കരിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യം.
ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് പ്രധാന വിപണി.
കൂടാതെ യൂറോപ്പ്, യുകെ, യുഎസ്, ജപ്പാന്, കൊറിയ, ചൈന എന്നിവിടങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിടുന്നുണ്ടെന്നും ജനറല്‍ മാനേജര്‍ അനില്‍ ജലധരനും പ്രൊഡക്ഷന്‍ മാനേജര്‍ രമേഷ് ബാഹുലേയനും പറഞ്ഞു.