ഒടുവിൽ വഴിക്കുവന്നു!
Saturday, December 4, 2021 11:24 PM IST
മുംബൈ: ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതിക്കായി ജനുവരിയിൽതന്നെ അപേക്ഷ സമർപ്പിക്കുമെന്നും അതുവരെ ആരിൽനിന്നും ഓർഡറുകൾ സ്വീകരിക്കില്ലെന്നും ഇലോണ് മസ്കിന്റെ ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാൻഡ് പദ്ധതിയായ സ്റ്റാർലിങ്ക്.
ലൈസൻസ് ഇല്ലാതെ ഉപയോക്താക്കളിൽനിന്ന് ഓർഡർ സ്വീകരിക്കുന്നതിനും രാജ്യത്തു പ്രവർത്തിക്കുന്നതിനും സ്റ്റാർലിങ്കിന് ടെലികോം മന്ത്രാലയം വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് കന്പനിയുടെ മനംമാറ്റം.
മറ്റു തടസങ്ങൾ നേരിട്ടില്ലെങ്കിൽ അടുത്ത വർഷം ജനുവരിയിൽ ലൈസൻസിനായി അപേക്ഷിക്കുമെന്ന് സ്റ്റാർലിങ്ക് ഇന്ത്യ തലവൻ സഞ്ജയ് ഭാർഗവ അറിയിച്ചു.
99 ഡോളർ(ഏകദേശം 7400 രൂപ) വാങ്ങി കന്പനി രാജ്യത്തെ 5000ത്തിലധികംആളുകളിൽനിന്ന് ഓർഡറുകൾ സ്വീകരിച്ചതു ശ്രദ്ധയിൽപ്പെട്ടതോടെ ടെലികോം മന്താലയം സ്റ്റാർലിങ്കിന് വിലക്കേർപ്പെടുത്തുകയായിരുന്നു. നേരത്തെ ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ കന്പനികളും സ്റ്റാർലിങ്ക്, ലൈസൻസ് ലഭിക്കാതെ ഓർഡറുകൾ സ്വീകരിക്കുന്നതിനെതിരേ സർക്കാരിനു പരാതി നല്കിയിരുന്നു.
ഭൗമോപരിതലത്തോടുചേർന്നുള്ള ചെറു ഉപഗ്രഹങ്ങൾ വഴി ഉപയോക്താക്കൾക്ക് അതിവേഗ ഡേറ്റ ലഭ്യമാക്കുന്ന പദ്ധതിയായാണ് സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക്.
എയർടെൽ, ആമസോൺ, തുടങ്ങിയ കന്പനികളും സമാനപദ്ധതി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.