സിയാലിന് എസിഐ രാജ്യാന്തര പുരസ്കാരം
Wednesday, June 23, 2021 11:08 PM IST
നെടുമ്പാശേരി: യാത്രക്കാർക്ക് നൽകുന്ന മികച്ച സേവനത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി(സിയാൽ)ക്ക് രാജ്യാന്തര പുരസ്കാരം.
വിമാനത്താവള ഓപ്പറേറ്റർമാരുടെ രാജ്യാന്തര സംഘടനയായ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലി(എസിഐ)ന്റെ ‘റോൾ ഓഫ് എക്സലൻസ്’ പുരസ്കാരത്തിനാണു സിയാൽ അർഹമായത്.
ഈ വർഷം ലോകത്ത് ആറു വിമാനത്താവളങ്ങളാണ് എസിഐയുടെ റോൾ ഓഫ് എക്സലൻസ് ബഹുമതിക്ക് അർഹമായത്.പ്രതിവർഷം അമ്പതു ലക്ഷം മുതൽ ഒന്നരക്കോടി വരെ യാത്രക്കാരെത്തുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ തുടർച്ചയായി അഞ്ചുതവണ സിയാൽ എസിഐയുടെ പുരസ്കാരം നേടി.
തുടർച്ചയായി സേവന നിലവാരം ഉറപ്പാക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി നടത്തുന്ന ശ്രമങ്ങളെ യാത്രക്കാർ അംഗീകരിച്ചിരിക്കുന്നതായും, യാത്രക്കാർക്ക് ഒരുക്കുന്ന സൗകര്യങ്ങളിൽ പുതിയ നിലവാരം സൃഷ്ടിക്കുന്നതിൽ സിയാൽ മാതൃകാപരമായ സമീപനമാണു പുലർത്തുന്നതെന്നും പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തിൽ എസിഐ ഡയറക്ടർ ജനറൽ ലൂയി ഫിലിപ്പെ ഡി ഒലിവേര അറിയിച്ചു.