വാക്സിനായി ലോകം ചെലവിടേണ്ടത് 15,700 കോടി ഡോളർ
Thursday, April 29, 2021 11:05 PM IST
മുംബൈ: കോവിഡ് -19 നെതിരേയുള്ള വിവിധ വാക്സിനുകൾക്കായി 2025 വരെ ലോകം ചെലവിടേണ്ടത് ഏകദേശം 15,700 കോടി ഡോളർ. 2022 അവസാനത്തോടെ ലോക ജനസംഖ്യയുടെ 70 ശതമാനത്തിനും വാക്സിൻ ലഭ്യമാകുമെന്നും യുഎസ് ആരോഗ്യ വിവര വിശകലന കന്പനിയായ ഐക്യുവിയ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
നിലവിലുള്ള വാക്സിനുകളുടെ രോഗപ്രതിരോധശേഷിയെക്കുറിച്ച് പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ആദ്യ വാക്സിൻ സ്വകരിക്കലിനുശേഷം ഓരോ രണ്ടു വർഷം കൂടുന്തോറും ബൂസ്റ്റർ ഡോസുകൾ വേണ്ടിവന്നേക്കുമെന്നും റിപ്പോർട്ടിലുണ്ട്.
അടുത്ത ഒന്പത് മാസം മുതൽ 12 മാസം വരെയുള്ള കാലയളവിനിടെ ബൂസ്റ്റർ ഡോസ് നൽകാൻ തയാറെടുപ്പ് ആരംഭിച്ചതായി നേരത്തെ വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. 12 മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് വേണ്ടിവരുമെന്ന് ഫൈസറും അഭിപ്രായപ്പെട്ടിരുന്നു.