ഹിമാലയന്‍ ട്രൗട്ട് മത്സ്യം ഫ്രഷ് ടു ഹോം വഴി വിപണിയിലേക്ക്
Sunday, February 28, 2021 12:06 AM IST
കൊച്ചി: ലോകത്തിലെ ഏറ്റവും വില കൂടിയ മത്സ്യങ്ങളിലൊന്നും ഹിമാലയന്‍ താഴ്വരയില് മാത്രം വളരുന്നതുമായ ഹിമാലയന്‍ ട്രൗട്ട് (ഹിമാലയന്‍ റെയിന്‍ബോ ട്രൗട്ട്) ഫ്രഷ് ടു ഹോം വഴി കേരള വിപണിയിലെത്തുന്നു. കാഷ്മീരില്‍ മാത്രം വളരുന്നതും അവിടെ മാത്രം വിറ്റഴിക്കപ്പെടുന്നതുമായ മത്സ്യമാണ് പുതുതായി വിപണിയിലെത്തുന്നതെന്നു ഫ്രഷ് ടു ഹോം സിഒഒ മാത്യു ജോസഫ് പറഞ്ഞു. സ്വന്തമായി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന മൂന്നു പേരുടെ പഠനമാണു ഇത്തരത്തിലൊരു ആശയത്തിന് ആധാരം. രണ്ടു കാഷ്മീരി യുവാക്കളും ഒരു ബംഗളൂരു സ്വദേശിനിയും ചേര്‍ന്നാണു സ്റ്റാര്‍ട്ടപ്പ് രൂപീകരിച്ചത്.
14 മുതല്‍ 18 സെന്റിഗ്രേഡില്‍ മാത്രമാണു ഈ മീനുകള്‍ വളരുക. അതിനാലാണു കാഷ്മീരിനു പുറത്ത് ഇവയുടെ വളര്‍ത്തലും വിപണനവും ദുഷ്കരമായത്. കാഷ്മീരിലെ മത്സ്യകര്‍ഷകർക്കു പുതിയ മാര്‍ക്കറ്റ് തുറന്നു നൽകുന്നതായിരിക്കും ഈ നീക്കം. മികച്ച സ്വാദിനു പുറമെ പ്രോട്ടീന്‍, പൊട്ടാസ്യം, വിവിധ ന്യൂട്രിയന്റ്സ് എന്നിവയാല്‍ ഈ മത്സ്യം സമൃദ്ധമാണ്.