മാന്ദ്യം മറികടന്ന് ഇന്ത്യ; ജിഡിപി വളർച്ച 0.4%
Saturday, February 27, 2021 12:41 AM IST
മുംബൈ: തുടർച്ചയായ രണ്ടു ത്രൈമാസങ്ങളിലെ സാന്പത്തിക മുരടിപ്പിനുശേഷം രാജ്യം വളർച്ചയുടെ പാതയിൽ. 2020-21 സാന്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസത്തിൽ(ഒക്ടോബർ- ഡിസംബർ) രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി) മുൻവർഷം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് 0.4 ശതമാനം വളർച്ച കൈവരിച്ചു.
കോവിഡ് വ്യാപനത്തെത്തുടർന്ന് ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ 24.4 ശതമാനവും സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ 7.3 ശതമാനവും ജിഡിപി ഇടിഞ്ഞിരുന്നു. തുടർച്ചയായ രണ്ടു ത്രൈമാസങ്ങളിലെ ഇടിവിനുശേഷം ജിഡിപി, വളർച്ചയുടെ മേഖലയിലെത്തിയതോടെ രാജ്യം സാങ്കേതികമായി മാന്ദ്യം മറികടന്നു. സ്ഥിര വില പ്രകാരം ഒക്ടോബർ- ഡിസംബറിലെ ജിഡിപി 36.22 ലക്ഷം കോടി രൂപയാണ്. 2019-20ൽ മൂന്നാം ത്രൈമാസ ജിഡിപി സ്ഥിരവില പ്രകാരം 36.08 ലക്ഷം കോടി രൂപയായിരുന്നു.
ഒക്ടോബർ- ഡിസംബർ ത്രൈമാസത്തിൽ ഉത്പാദന മേഖല 1.6 ശതമാനം വർധിച്ചു. കഴിഞ്ഞ രണ്ടു ത്രൈമാസങ്ങളിലും വളർച്ച രേഖപ്പെടുത്തിയ കാർഷിക മേഖല ഇക്കുറിയും നിരാശപ്പെടുത്തിയില്ല; വളർച്ച 3.9 ശതമാനം. അതേസമയം, നടപ്പു ധനകാര്യ വർഷം ഇന്ത്യൻ ജിഡിപി 8 ശതമാനം ഇടിയുമെന്നാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ പുതിയ വിലയിരുത്തൽ.
നേരത്തെ മന്ത്രാലയം കണക്കാക്കിയിരുന്നത് 7.7 ശതമാനം ഇടിവാണ്. അതേസമയം കാതൽ മേഖലാ വ്യവസായ ഉത്പാദനം ജനുവരിൽ 0.1 ശതമാനം വർധിച്ചു. രാസവളം, സ്റ്റീൽ, വൈദ്യുതി എന്നിവയുടെ ഉത്പാദനത്തിലെ വളർച്ചയാണു നേട്ടമായത്. 2020 ജനുവരിയിൽ കാതൽ മേഖലാ വ്യവസായ ഉത്പാദനം 2.2 ശതമാനം വർധിച്ചിരുന്നതാണ്.