ലോക്കർ സൗകര്യം: ആറു മാസത്തിനുള്ളിൽ വ്യവസ്ഥകൾ രൂപീകരിക്കണമെന്നു സുപ്രീംകോടതി
Saturday, February 20, 2021 12:20 AM IST
മുംബൈ: ലോക്കർ സൗകര്യം നൽകുന്പോൾ ബാങ്കുകൾ നടപ്പാക്കേണ്ട വ്യവസ്ഥകളും നിർദേശങ്ങളും ആറുമാസത്തിനുള്ളിൽ തയാറാക്കാൻ റിസർവ് ബാങ്കിനു സുപ്രീംകോടതി നിർദേശം. ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന വസ്തുവകകൾ നഷ്ടമായാൽ ബാങ്കുകൾക്ക് ഉത്തരവാദിത്വത്തിൽനിന്ന് കൈയൊഴിയാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റീസുമാരായ എം .ശാന്താന ഗൗഡർ, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് ഉത്തരവ്.
“ലോക്കർ ഉപയോഗം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇലക്ട്രോണിക് ലോക്കർ പോലുള്ള സംവിധാനങ്ങളും ലഭ്യമായിത്തുടങ്ങിയിരിക്കുന്നു. ഇത്തരം സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിലെ ഉപയോക്താക്കളുടെ അജ്ഞത പലപ്പോഴും വസ്തുവകകൾ നഷ്ടപ്പെടാൻ കാരണമാകുന്നുണ്ട്. ലോക്കറിനുള്ളിൽ ആളുകൾ സാമഗ്രികൾ വയ്ക്കുന്നത് ബാങ്കുകളെ പൂർണമായും വിശ്വസത്തിലെടുത്താണ്. അതിന്റെ പേരിൽ ബാങ്കുകൾ ഉപയോക്താക്കളുടെ മേൽ നീതിപൂർവകമല്ലാത്ത വ്യവസ്ഥകൾ അടിച്ചേൽപ്പിക്കാൻ പാടില്ല’’ -ഉത്തരവിൽ പറയുന്നു.