വകുപ്പുകൾക്ക് അനുവദിക്കുന്ന പണം ബാങ്കുകളിൽ നിക്ഷേപിച്ചാൽ നടപടി: ധനവകുപ്പ്
Sunday, January 10, 2021 12:02 AM IST
തിരുവനന്തപുരം: സർക്കാർ വകുപ്പുകൾക്ക് അനുവദിക്കുന്ന പണം നേരിട്ട് ബാങ്കുകളിൽ നിക്ഷേപിക്കുന്ന വകുപ്പു മേധാവികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ധനവകുപ്പ്. ബാങ്കുകളിൽ അക്കൗണ്ട് തുറക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതിന് ധനവകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങണം. അനുമതിയില്ലാതെ തുറന്ന ബാങ്ക് അക്കൗണ്ടുകൾ ഉടൻ അവസാനിപ്പിച്ച് അക്കൗണ്ടിലുള്ള പണം ട്രഷറിയിലേക്ക് മാറ്റണമെന്നും നിർദേശം നൽകി.
ട്രഷറി സേവിംഗ്സ് ബാങ്കിൽ നിന്നുള്ള എല്ലാ പണമിടപാടുകളും ബാങ്ക് അക്കൗണ്ട് വഴിയോ ടിഎസ്ബി വഴിയോ ആയിരിക്കണമെന്ന് എല്ലാ വകുപ്പുമേധാവികളും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സർക്കാർ സ്വയംഭരണ സ്ഥാപനങ്ങളുടെയും മേധാവികളും ഉറപ്പാക്കണം. ഗുണഭോക്താവിന് ടിഎസ്ബി ചെക്ക് നല്കുന്നത് പ്രോത്സാഹിപ്പിക്കരുത്. ഇടത്തട്ടുകൾ ഒഴിവാക്കി ഗുണഭോക്താവിന് നേരിട്ട് പണം കൈമാറുന്നതിന് വകുപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശത്തിൽ പറയുന്നു.