സൈബർ ആക്രമണങ്ങൾ തടയാനുള്ള നിയമഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു
Saturday, November 21, 2020 11:58 PM IST
തിരുവനന്തപുരം: സൈബർ ആക്രമണങ്ങൾ തടയുന്നതിന്റെ പേരിൽ ഓണ്‍ലൈൻ അടക്കമുള്ള മാധ്യമങ്ങൾക്കുകൂടി നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു.
നിലവിലെ പോലീസ് നിയമത്തിൽ 118എ എന്ന വകുപ്പു കൂട്ടിച്ചേർത്താണ് ഭേദഗതി. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് വകുപ്പ്.
ഇത്തരക്കാരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. അഞ്ചു വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണു വകുപ്പിലുള്ളത്. ഓണ്‍ലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളെ ഉദ്ദേശിച്ചാണ് ഭേദഗതിയെന്നാണ് അധികൃത ഭാഷ്യമെങ്കിലും ജനകീയ മാധ്യമങ്ങളും പരിധിയിൽ വരുമെന്ന ആക്ഷേപവുമുയർന്നിരുന്നു.
നിയമഭേദഗതി പോലീസിന് അമിതാധികാരം നൽകുന്നതിനൊപ്പം മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്.
അഭിപ്രായ സ്വാതന്ത്യം ഹനിക്കുന്നതാണെന്ന പേരിൽ ഐടി നിയമത്തിലെയും പോലീസ് നിയമത്തിലെയും ചില വകുപ്പുകൾ സുപ്രീംകോടതി ഒഴിവാക്കിയതിനെ മറികടക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന വിമർശനവുമുയർന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി ഉൾപ്പെടെയുള്ളവർ ഗവർണറെ കണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് ചല പരാതികളും ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ വിദഗ്്ധരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടതെന്നാണ് വിവരം.
മന്ത്രിസഭ അംഗീകരിച്ച് ഓർഡിനൻസ് ഗവർണർക്ക് അയച്ചെങ്കിലും ഒപ്പിടാൻ വൈകിയത് സർക്കാർ തലത്തിൽ ആശങ്കയുണ്ടാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഭേദഗതിയെന്ന ആക്ഷേപങ്ങളുയർന്ന പശ്ചാത്തലത്തിൽ ഓർഡിനൻസ് തിരിച്ചയയ്ക്കുമോയെന്ന ആശങ്കയും ഉയർന്നിരുന്നു.