റബർ വിലസ്ഥിരതാ ഫണ്ട്: ധനമന്ത്രിക്കു നിവേദനം നൽകി
Sunday, October 18, 2020 12:30 AM IST
കോട്ടയം: റബർ വിലയിടിവിൽ സംസ്ഥാനത്തെ ചെറുകിട കർഷകർക്ക് ആശ്വാസകരമായി കേരള സർക്കാർ നൽകി വരുന്ന വില സ്ഥിരതാ ഫണ്ട് പദ്ധതി (റബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീം) യിൽ നാലുമാസമായി കർഷകർക്ക് തങ്ങളുടെ വിൽപന വിവരങ്ങൾ അപ് ലോഡ് ചെയ്യാൻ സാധിക്കാതെ വന്നിരിക്കുകയാണെന്നും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ജോർജ് വാലിയും ജനറൽ സെക്രട്ടറി ബിജു പി. തോമസും മന്ത്രി ഡോ. തോമസ് ഐസക്കിനു നിവേദനം നൽകി.
സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ള സൈറ്റ് ആയതിനാൽ റബർ ബോർഡിനു പ്രശ്നത്തിൽ ഇടപെടാൻ സാധിക്കുന്നില്ല. അതോടൊപ്പം കഴിഞ്ഞ കുറെ മാസങ്ങളായി പദ്ധതിയിലൂടെയുള്ള തുക കർഷകർക്ക് യഥാസമയം ലഭിക്കുന്നില്ലെന്നും ഭാരവാഹികൾ അറിയിച്ചു. കോവിഡും തുടർച്ചയായ മഴയും മൂലം ബുദ്ധിമുട്ടുന്ന ഈ കാലയളവിൽ തുടർന്നുള്ള റബർ ഉത്പാദനത്തെ പോലും ഇതു സാരമായി ബാധിക്കും. പദ്ധതിയുടെ സാങ്കേതിക തടസങ്ങൾ പരിഹരിച്ച് കർഷകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും ഭാരവാഹികൾ മന്ത്രിയോട് ആവശ്യപ്പെട്ടു.