കോവിഡ് ഭീതിയേറി, സൈക്കിളിനു പ്രിയമേറി
Wednesday, October 14, 2020 11:09 PM IST
മുംബൈ: കോവിഡ് കാലത്ത് രാജ്യത്തെ സൈക്കിൾ വില്പനയിൽ ഗണ്യമായ വർധന. മേയ് മുതൽ സെപ്റ്റംബർ വരെയുള്ള അഞ്ച് മാസക്കാലയളവിൽ രാജ്യത്ത് 41,80,945 സൈക്കിളുകൾ വിറ്റതായി ഓൾ ഇന്ത്യ ബൈസൈക്കിൾ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (എഐസിഎംഎ) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
സൈക്കിളുകൾക്ക് ഇത്രയധികം ആവശ്യക്കാരുണ്ടാകുന്നത് ചരിത്രത്തിൽത്തന്നെ ആദ്യമാണെന്നും പലയിടങ്ങളിലും ആളുകൾക്കു ദിവസങ്ങളോളം സൈക്കിൾ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ടിവന്നെന്നും എഐസിഎംഎ സെക്രട്ടറി ജനറൽ കെ.ബി. ഠാക്കൂർ പറഞ്ഞു. മേയിൽ 4,56818 സൈക്കിളുകളാണ് വിറ്റത്.
ജൂൺ മാസമായപ്പോഴേക്കും വില്പന ഇരട്ടിയായി 8,51,060 യൂണിറ്റുകളിലെത്തി. 11,21,544 സൈക്കിളുകളാണ് സെപ്റ്റംബറിൽ വിറ്റത്. സാമൂഹ്യ അകലം പാലിച്ച് ജോലിക്ക് പോകുന്നതിനും മറ്റും ആളുകൾ സൈക്കിൾ ഉപയോഗിക്കാൻ തുടങ്ങിയതാണു ഡിമാൻഡ് ഏറാൻ കാരണമെന്നാണ് വിലയിരുത്തൽ. വ്യായാമമെന്ന നിലയ്ക്ക് സൈക്കിൾ സവാരിയിലേക്ക് കൂടുതൽ ആളുകൾ എത്തിയതും സൈക്കിൾ കച്ചവടക്കാർക്ക് തുണയായി.