കെഎഫ്സി 250 കോടി സമാഹരിച്ചു
Wednesday, September 16, 2020 10:43 PM IST
തിരുവനന്തപുരം: പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷൽ കോർപറേഷൻ കടപ്പത്രങ്ങളുടെ വില്പനയിലൂടെ 250 കോടി രൂപ സമാഹരിച്ചു. നൂറു കോടി രൂപയായിരുന്നു സമാഹരണലക്ഷ്യമെങ്കിലും ആവശ്യക്കാർ കൂടുതലുള്ളതിനാൽ 150 കോടി സ്വരൂപിച്ചു.
10 വർഷ കാലാവധിയിലുള്ള കടപ്പത്രങ്ങൾ അർധവാർഷികമായാണ് പലിശ കണക്കാക്കുന്നത്. 7.70 ശതമാനമാണ് പലിശ. ഏതെങ്കിലുമൊരു സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിന് ഇതുവരെ കിട്ടിയതിൽ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്. ഇന്നലെ വിപണിയിലെത്തിയ നൂറു കോടിയുടെ കടപ്പത്രത്തിനു നിമിഷങ്ങൾക്കം തന്നെ 967.5 കോടിയുടെ വാഗ്ദാനം ലഭിച്ചിരുന്നു.
മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഈ കടപ്പത്രത്തിനു റിസർവ് ബാങ്കും സെബിയും അംഗീകരിച്ച രണ്ടു റേറ്റിംഗ് ഏജൻസികളിൽനിന്നായി എഎ റേറ്റിംഗ് ഉണ്ട്.
കെഎഫ്സിക്കു 2011 മുതൽ ആറു തവണ ബോണ്ട് വഴി തുക സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
കെഎഫ്സി ബോണ്ടിലൂടെ ഇതുവരെ 1600 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ഇതിൽ 415 കോടി രൂപ തിരിച്ചടച്ചുകഴിഞ്ഞു. തുടക്കത്തിൽ സർക്കാർ ഗാരണ്ടിയോടുകൂടിയായിരുന്നു ബോണ്ടുകൾ ഇറക്കിയിരുന്നത്. നിലവിൽ കെഎഫ്സിയുടെ വായ്പാ ആസ്തി 3300 കോടി രൂപയാണ്.