സവാള വില കുതിക്കുന്നു
Friday, September 11, 2020 11:58 PM IST
ന്യൂഡൽഹി: രാജ്യവ്യാപകമായി സവാളയുടെ വില അനിയന്ത്രിതമായി കുതിച്ചുയരുന്നു. ചില്ലറ, മൊത്ത വിൽപന മേഖലകളിൽ വില ഇതിനോടകം ഇരട്ടിയായി വർധിച്ചു. ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള സവാളയാണ് ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ രാജ്യത്ത് വിതരണം ചെയ്യുന്നത്.
എന്നാൽ, പ്രളയം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ആദ്യ ഖാരിഫ് വിളവെടുപ്പ് വളരെ മോശമായിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കനത്ത മഴയും സവാള കൃഷിയെ പ്രതികൂലമായി ബാധിച്ചു. ഉത്പാദനം കുറഞ്ഞതോടെ വിപണികളിൽ സവാള വില ഇരട്ടിയായി കുതിച്ചുയർന്നു. സവാളയുടെ ഏറ്റവും വലിയ മൊത്ത വിപണന കേന്ദ്രമായ നാസിക്കിലെ ലാസൽഗാവിൽ വില കിലോയ്ക്ക് 12 രൂപയായിരുന്നത് ഒറ്റയടിക്ക് 29 രൂപയായി വർധിച്ചു. ഡൽഹിയിൽ ഒരു കിലോ സവാളയ്ക്ക് 60 രൂപയും മുംബൈ, കൊൽക്കത്ത നഗരങ്ങളിൽ ഒരു കിലോ സവാളയ്ക്ക് 50 രൂപയുമാണ് വില.