‘ചുക്കുകാപ്പിക്ക് ’10 ലക്ഷം കാഴ്ചക്കാർ
Friday, August 14, 2020 12:13 AM IST
തിരുവനന്തപുരം: മലയാളിക്കു പ്രിയങ്കരമായ ചുക്കുകാപ്പി സമൂഹമാധ്യമങ്ങളിൽ വൈറലായി. സോമതീരം ആയൂർവേദഗ്രൂപ്പ് പുറത്തുവിട്ട ചുക്കുകാപ്പി പാചകത്തിന്റെ വീഡിയോ രണ്ടാഴ്ചയ്ക്കുള്ളിൽ 10 ലക്ഷത്തിലേറെ പേരാണ് കണ്ടത്.
കേരളത്തിന്റെ തനതായ ചുക്കുകാപ്പിയെ ലോകത്തിനു മുന്നിൽ ശാസ്ത്രീയമായി തന്നെ അവതരിപ്പിക്കുകയായിരുന്നു സോമതീരം ഗ്രൂപ്പിലെ ആയൂർവേദ ഡോക്ടർ ഗോപിക. ചുക്കും കുരുമുളകും പനച്ചക്കരയും മല്ലിയും തുളസിയും പനികൂർക്കയും ഏലക്കായും ഉൾപ്പെടെ എട്ടു ചേരുവകളും ചേർത്തു വിധി പ്രകാരം മരുന്നു ചുക്കുകാപ്പി ഉണ്ടാക്കുന്നതെങ്ങനെയാണെന്നു വീഡിയോ വ്യക്തമാക്കുന്നു.
കോവിഡ്-19 കാലഘട്ടത്തിൽ വൈറസുമൂലമുള്ള പകർച്ചവ്യാധികൾക്കെതിരായി ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകൾക്കും പകർച്ചവ്യാധിമൂലമുള്ള തൊണ്ടവേദന, മൂക്കടപ്പ്, മുതലായവയ്ക്കുമുള്ള പ്രതിരോധമാർഗമായും ചുക്കുകാപ്പിയുടെ പ്രാധാന്യം ഡോക്ടർ വിശദമാക്കുന്നു.
ഒരു ദിവസത്തിനകം ഒരുലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. 14 മിനിറ്റുള്ള ചുക്കുകാപ്പിയുടെ ഈ വീഡിയോ ഇംഗ്ലീഷിലാണ്. ഇതു ജർമൻ, ഇറ്റാലിയൻ, റഷ്യൻ, പോളിഷ് തുടങ്ങിയ മറ്റു ഭാഷകളിലേക്കും നിർമാണം തുടങ്ങിയതായി സോമതീരം ആയൂർവേദ ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബേബി മാത്യു അറിയിച്ചു.