ഓർഗാനിക് ഉത്പന്നവിപണി 2,000 കോടി കടക്കും
Monday, June 29, 2020 10:56 PM IST
കൊച്ചി: ഇന്ത്യയിലെ ഓർഗാനിക് ഉത്പന്ന വിപണി രണ്ടായിരം കോടി കടക്കുമെന്നു മണർകാട് സോഷ്യൽ സർവീസ് സൊസൈറ്റിയും ഓർഗാനിക് ഉത്പന്നങ്ങളുടെ ആഭ്യന്തര വിപണന സ്ഥാപനമായ പ്ലാൻടോണും സംയുക്തമായി സംഘടിപ്പിച്ച വെബിനാർ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 5000-ത്തോളം ജൈവകർഷകരുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് വിദേശത്തുനിന്നു തിരിച്ചുവന്നവർ ഉൾപ്പെടെയുള്ളവരെ ബോധവത്കരിക്കുന്നതിനാണ് വെബിനാർ സംഘടിപ്പിച്ചത്.
കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നുള്ള 263 പേർ പങ്കെടുത്തു. സാമൂഹ്യ സംരംഭകൻ ബിജുമോൻ കുര്യൻ, സാന്പത്തിക ഉപദേഷ്ടാവ് ബിനോയ് വർഗീസ്, മാസ് സിഇഒ ശ്രീകുമാർ എം.എസ്., ഡിജിറ്റൽ മാർക്കറ്റിംഗ് വിദഗ്ധൻ അനന്തരാജ് കൃഷ്ണദാസ് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. ലൈഫ് കോച്ച് ചെറിയാൻ വർഗീസ് മോഡറേറ്ററായിരുന്നു.
കേരളത്തിലെ ഉപഭോക്താക്കൾക്കു സർട്ടിഫൈഡ് ഓർഗാനിക് ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഓർഗാനിക് ഷോപ്പുകൾ ആരംഭിക്കുമെന്നു ബിജുമോൻ കുര്യൻ പറഞ്ഞു.