ജിയോ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യും
Wednesday, May 27, 2020 11:35 PM IST
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ഉപകന്പനിയായ ജിയോ പ്ലാറ്റ്ഫോംസിനെ അമേരിക്കയിലെ നാസ്ഡാക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. കന്പനി ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല. ടെക്നോളജി കന്പനികളാണ് പ്രധാനമായും നാസ്ഡാക്കിലുള്ളത്.
ഇന്ത്യൻ കന്പനികൾ വിദേശ എക്സ്ചേഞ്ചുകളിൽ നേരിട്ട് ലിസ്റ്റ് ചെയ്യാൻ അനുവദിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ 17-നു പ്രസ്താവിച്ചിരുന്നു. ഇതുവരെ ഇന്ത്യയിലും വിദേശത്തും ഒരുമിച്ചു ലിസ്റ്റ് ചെയ്യുന്നതു മാത്രമേ അനുവദിച്ചിരുന്നുള്ളൂ.
റിലയൻസ് ഗ്രൂപ്പിന്റെ എല്ലാ ഡിജിറ്റൽ ഇടപാടുകളും ചേർന്നതാണ് ജിയോ പ്ലാറ്റ്ഫോംസ്. മൊബൈൽ ടെലിഫോണി, ഓൺലൈൻ വ്യാപാരം (ജിയോ മാർട്ട്), ഡിജിറ്റൽ കറൻസി, വിദ്യാഭ്യാസം (ജിയോ യൂണിവേഴ്സിറ്റി) തുടങ്ങിയവയെല്ലാം ഇതിൽവരും.
ജിയോ പ്ലാറ്റ്ഫോംസിൽ ഫേസ്ബുക്കും ഏതാനും വിദേശനിക്ഷേപകരും ഓഹരി വാങ്ങിയിട്ടുണ്ട്. മൊത്തം 17.12 ശതമാനം ഓഹരികൾക്കായി 78,562 കോടി രൂപയാണു കന്പനിക്കു ലഭിച്ചത്.ചെയർമാൻ മുകേഷ് അംബാനിയുടെ മൂന്നു മക്കളും - ആകാശ്, ഇഷ, അനന്ത് - ജിയോ പ്ലാറ്റ്ഫോംസിൽ ഡയറക്ടർമാരാണ്.