നാലാമത്തെ മാന്ദ്യത്തിലൂടെ ഇന്ത്യ: ക്രിസിൽ
Tuesday, May 26, 2020 11:55 PM IST
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിനുശേഷമുള്ള നാലാമത്തെ സാന്പത്തികമാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നു റേറ്റിംഗ് ഏജൻസി ക്രിസിൽ. ഈ ധനകാര്യ വർഷം രാജ്യത്തിന്റെ ജിഡിപി അഞ്ചു ശതമാനം ചുരുങ്ങുമെന്ന് ഏജൻസി കണക്കാക്കുന്നു. ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ ജിഡിപി 25 ശതമാനം ചുരുങ്ങും.
1958, 1966, 1980 വർഷങ്ങളിലാണ് ഇന്ത്യ ഇതിനുമുന്പ് മാന്ദ്യത്തിലായിട്ടുള്ളത്. മൂന്നു തവണയും വരൾച്ച മൂലം കൃഷി നശിച്ചതായിരുന്നു കാരണം. അക്കാലത്തു കൃഷി ജിഡിപിയിൽ വലിയ പങ്ക് സംഭാവന ചെയ്തിരുന്നു. ഇപ്പോൾ കൃഷിയുടെ സംഭാവന 15 ശതമാനത്തിൽ താഴെയാണ്.
ഇതാദ്യമാണ് ഒരു പകർച്ചവ്യാധി സ്വതന്ത്ര ഇന്ത്യയിൽ ജിഡിപിയെ വലിച്ചുതാഴ്ത്തുന്നത്.