വിദേശികൾ പിൻവലിച്ചത് 1.2 ലക്ഷം കോടി രൂപ
Wednesday, May 20, 2020 11:58 PM IST
ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്നുള്ള സാന്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ വിദേശികൾ ഇന്ത്യയിൽനിന്നു വൻതോതിൽ നിക്ഷേപം പിൻവലിച്ചു. ഓഹരി-കടപ്പത്ര വിപണികളിൽ നിന്നായി 1600 കോടി ഡോളർ (1.2 ലക്ഷം കോടി രൂപ) പിൻവലിച്ചെന്നാണു യുഎസ് കോൺഗ്രസിന്റെ ഒരു സമിതി റിപ്പോർട്ട് ചെയ്യുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നു മൊത്തം 2600 കോടി ഡോളർ (1.95 ലക്ഷം കോടി രൂപ) ആണു വിദേശ നിക്ഷേപകർ പിൻവലിച്ചത്.
ആഗോള സാന്പത്തികരംഗം നിരാശാജനകമാണെന്ന് സമിതി റിപ്പോർട്ടിൽ പറയുന്നു. ജനുവരി-മാർച്ചിൽ അമേരിക്കയിൽ 4.8 ശതമാനവും യൂറോപ്പിൽ 3.8 ശതമാനവും കണ്ട് ജിഡിപി (മൊത്ത ആദ്യന്തര ഉത്പാദനം) ചുരുങ്ങി എന്നാണു പ്രാരംഭ നിഗമനം. യൂറോപ്പിൽ മൂന്നു കോടി ആൾക്കാർ സർക്കാർ സഹായം തേടി. അമേരിക്കയിൽ 3.3 കോടി പേരാണ് തൊഴിലില്ലായ്മാ ആനുകൂല്യത്തിന് പുതുതായി അപേക്ഷിച്ചത്.
ചൈന, അമേരിക്ക, ജപ്പാൻ, ദക്ഷിണകൊറിയ, തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഫാക്ടറി ഉത്പാദനം കുത്തനേ ഇടിഞ്ഞു. പല വ്യവസായങ്ങൾക്കും ഘടകപദാർഥങ്ങളോ അസംസ്കൃത പദാർഥങ്ങളോ കിട്ടുന്നില്ല. ടൂറിസം, ഹോട്ടൽ, വ്യോമയാന വ്യവസായങ്ങളെല്ലാം വലിയ നഷ്ടമാണ് അഭിമുഖീകരിക്കുന്നത്: റിപ്പോർട്ടിൽ പറയുന്നു.