കോവിഡിനൊപ്പം സാമ്പത്തിക വര്‍ഷാവസാന ജോലികളും; സഹകരണ മേഖലയില്‍ ആശങ്ക
Monday, March 30, 2020 12:09 AM IST
പത്തനംതിട്ട: നിലവിലെ സാമ്പത്തിക വര്‍ഷം നാളെ അവസാനിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നറിയിച്ചതോടെ സ്റ്റോക്കെടുപ്പും കണക്കുകളും അവസാനിപ്പിക്കുന്ന തിരക്കിലാണ് സഹകരണ മേഖല. കോവിഡ് 19 മായി ബന്ധപ്പെട്ട പ്രതിരോധ ജോലികള്‍ക്കൊപ്പമാണ് സഹകരണ മേഖല കണക്കെടുപ്പും നടത്തുന്നത്. ഇതിനിടെ ലോക്ക്ഡൗണ്‍ കൂടി ആയതോടെ ജോലിഭാരം ഏറി.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജീവനക്കാര്‍ക്ക് ജോലി നിയന്ത്രണങ്ങളുണ്ട്. ഒന്നിടവിട്ട ദിനങ്ങളിലായി ജോലി ക്രമീകരണം പ്രാഥമിക സഹകരണ ബാങ്കുകളിലുണ്ട്. ഇതിനിടയില്‍ സര്‍ക്കാരിന്റെ വിവിധ സാമൂഹികക്ഷേമ പെന്‍ഷനുകളുടെ വിതരണച്ചുമതലയും സഹകരണ ബാങ്കുകള്‍ക്കുണ്ട്. ബാങ്ക് ഫണ്ടിലേക്ക് പണമെത്തിയില്ലെങ്കില്പോലും പെന്‍ഷന്‍വിതരണം ഇന്നും നാളെയുമായി പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് ബാങ്കുകള്‍. ബാങ്കുകളോടു ചേര്‍ന്നുള്ള നീതി മെഡിക്കല്‍ സ്റ്റോറുകള്‍, പാചകവാതക വില്പന കേന്ദ്രങ്ങള്‍ തുടങ്ങി അവശ്യ സ്ഥാപനങ്ങള്‍ അടച്ചിടരുതെന്ന നിര്‍ദേശമുണ്ട്. ലോക്കഡൗണുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ഇവയിലെ കണക്കും സ്റ്റോക്കെടുപ്പും നടത്തേണ്ടതുണ്ട്.
സാമ്പത്തിക വര്‍ഷാവസാനവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ മറ്റു വകുപ്പുകളും സാമ്പത്തിക ഇടപാടുകള്‍ ഇന്നും നാളെയുമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ജീവനക്കാരും ഉദ്യോഗസ്ഥരും വീടുകളിലായിരിക്കുമ്പോള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിലെ ബുദ്ധിമുട്ട് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍ക്കാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട വാണിജ്യ ബാങ്ക് ശാഖകള്‍ നാളെ അധികസമയം പ്രവര്‍ത്തിച്ചു ജോലികള്‍ പൂര്‍ത്തീകരിക്കാനും നിര്‍ദേശമുണ്ട്.