സംസ്ഥാന കടപ്പത്രങ്ങൾക്കും പലിശനിരക്ക് കൂടുന്നു
Thursday, March 26, 2020 11:57 PM IST
മുംബൈ: കോവിഡ്-19 ബാധ സംസ്ഥാന ഗവണ്മെന്റുകളുടെ കടമെടുപ്പിനെ ബാധിക്കുന്നു. പതിവിലും കൂടുതൽ പലിശ നൽകാൻ സംസ്ഥാനങ്ങൾ നിർബന്ധിതമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തെലുങ്കാന, ജമ്മുകാഷ്മീർ സംസ്ഥാനങ്ങൾ ഇറക്കിയ കടപ്പത്രങ്ങൾക്കെല്ലാം കൂടുതൽ പലിശ ഓഫർ ചെയ്യേണ്ടിവന്നു.
സാധാരണ കേന്ദ്രത്തിന്റെ കടപ്പത്രത്തേക്കാൾ 0.7 ശതമാനം കൂടുതൽ പലിശ സംസ്ഥാന കടപ്പത്രങ്ങൾക്കു വേണ്ടിവരും. ഇത്തവണ 1.7 ശതമാനം അധികപലിശ വേണ്ടിവന്നു.തിങ്കളാഴ്ച തെലുങ്കാന 1125 കോടി രൂപയുടെ കടപ്പത്രം വിറ്റത് 7.99 ശതമാനം പലിശ നൽകത്തക്ക വിധമാണ്.കേന്ദ്രത്തിന്റെ പത്തുവർഷ കടപ്പത്രത്തിന് 6.3 ശതമാനം മാത്രം നൽകേണ്ട സ്ഥാനത്താണിത്.
നിക്ഷേപകർക്കു താത്പര്യം കുറയുന്നതാണ് പ്രധാന കാരണം. 21 ദിവസം അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തിൽ ബാങ്കുകളിലും ഇൻഷ്വറൻസ് കന്പനികളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും പണം വരവ് കുറയും.അടച്ചുപൂട്ടൽ നീണ്ടുനിൽക്കാനും സാധ്യതയുണ്ട്. ഇതാണ് നിക്ഷേപകരുടെ താത്പര്യം കുറയാൻ കാരണം.കേരളവും കടപ്പത്രമിറക്കി പണം സമാഹരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. നൽകേണ്ട പലിശ ഇങ്ങനെ വർധിക്കുന്പോൾ കടപ്പത്രം വലിയ ബാധ്യതയായി മാറും.
മഹാരാഷ്ട്ര ഒൻപതുവർഷ കടപ്പത്രം 7.78 ശതമാനവും ഉത്തർപ്രദേശ് പത്തുവർഷ കടപ്പത്രം 7.93 ശതമാനവും പലിശയിലാണ് വിറ്റത്.