വിദേശനാണ്യശേഖരം താണു
Saturday, March 21, 2020 11:23 PM IST
മുംബൈ: രൂപയെ താങ്ങിനിർത്താനുള്ള ശ്രമത്തിൽ റിസർവ് ബാങ്കിന്റെ വിദേശനാണ്യശേഖരത്തിൽ വലിയ ഇടിവ്. വിദേശനിക്ഷേപകർ രാജ്യത്തുനിന്നു പണം പിൻവലിക്കുന്നതും ഇടിവിനു കാരണമാണ്.
മാർച്ച് 13-നവസാനിച്ച ആഴ്ച വിദേശനാണ്യ ശേഖരത്തിൽ 534.6 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്. ശേഖരം 48,189 കോടി ഡോളറായി താണു. വിദേശനിക്ഷേപകർ മാർച്ചിൽ ഇതുവരെ ആയിരം കോടി ഡോളർ ഇന്ത്യയിൽനിന്നു പിൻവലിച്ചിട്ടുണ്ട്.
സ്വർണവിലയിടിവും വിദേശനാണ്യശേഖര നിലയെ ബാധിച്ചു. ഇപ്പോൾ ഓരോ ആഴ്ചയും അതത് ആഴ്ചയിലെ വിലയിട്ടു സ്വർണശേഖരത്തിന്റെ മൂല്യം ചേർക്കുകയാണു രീതി. ഇതുപ്രകാരം മാർച്ച് 13-നവസാനിച്ച ആഴ്ചയിൽ സ്വർണശേഖരത്തിന്റെ മൂല്യത്തിൽ 153.3 കോടി ഡോളർ (10,516 കോടി രൂപ) കുറവുവന്നു.