രൂപ താണു; ക്രൂഡ്, സ്വർണം വിലകൾ കൂടി
Thursday, February 20, 2020 11:23 PM IST
മുംബൈ: രൂപയുടെ വിനിമയനിരക്ക് വീണ്ടും താണു. ഡോളറിന് ഇന്നലെ 10 പൈസകൂടി 71.64 രൂപയായി. ഇന്നലെ രാവിലെ ഡോളർ 71.8 രൂപവരെ കയറിയതാണ്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടുന്നതും ഡോളർ കരുത്താർജിക്കുന്നതും ചേർന്നാണു രൂപയെ താഴ്ത്തിയത്. കൊറോണ വൈറസ് ബാധ വ്യാപകമാകും മുന്പുള്ള നിലയിലേക്ക് ക്രൂഡ് വില അടുത്തുകഴിഞ്ഞു. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് വില 59.74 ഡോളർവരെ കയറി.
ഇതേസമയം ഡോളറിനു കരുത്തു കൂടിയെങ്കിലും സ്വർണം നിർത്തില്ലാതെ കയറുകയാണ്.
ഇന്നലെ 1618 ഡോളറിനു മുകളിലേക്ക് ഒരു ഔൺസ് സ്വർണത്തിന്റെ വില കയറി. കഴിഞ്ഞ വർഷം മാർച്ച് ആദ്യം 1300 ഡോളറായിരുന്നു വില. 25 ശതമാനം ഉയർച്ചയാണ് ഒരു വർഷത്തിനിടെ ഉണ്ടായത്.
ഇന്ത്യൻ ഓഹരികൾക്ക് ഇന്നലെ വില താണു. സെൻസെക്സ് 152 പോയിന്റും നിഫ്റ്റി 45 പോയിന്റും താണു.