ഇന്ത്യയുടെ വളർച്ച പ്രതീക്ഷ വെട്ടിക്കുറച്ച് മൂഡീസ്
Monday, February 17, 2020 11:49 PM IST
ന്യൂഡൽഹി: ഈ വർഷവും അടുത്ത വർഷവും ഇന്ത്യയുടെ സാന്പത്തിക വളർച്ച സംബന്ധിച്ച പ്രവചനങ്ങൾ കുത്തനെ വെട്ടിക്കുറച്ച് മൂഡീസ്. 2020-ൽ 6.6 ശതമാനം വളർച്ച ജിഡിപി (മൊത്ത ആഭ്യന്തര ഉത്പന്നം)യിൽ ഉണ്ടാകുമെന്ന പഴയ പ്രവചനം 5.4 ശതമാനത്തിലേക്കാണു താഴ്ത്തിയത്. 2021-ൽ 6.7 എന്നത് 5.8 ശതമാനത്തിലേക്കും താഴ്ത്തി.
ഇന്ത്യയുടെ താഴ്ച ഏകദേശം തീർന്നെങ്കിലും തിരിച്ചുകയറ്റം പെട്ടെന്നു നടക്കില്ലെന്നു രാജ്യാന്തര റേറ്റിംഗ് ഏജൻസിയായ മൂഡീസ് അഭിപ്രായപ്പെട്ടു. 2019-ൽ ഇന്ത്യൻ വളർച്ച അഞ്ചു ശതമാനമാണെന്നാണ് മൂഡീസിന്റെ നിഗമനം. (കലണ്ടർ വർഷമാണു മൂഡീസ് ഉപയോഗിക്കുന്നത്).
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഗോള വളർച്ച കുറവാകുന്നത് ഇന്ത്യയുടെ തിരിച്ചുകയറ്റത്തെയും ബാധിക്കുമെന്ന് ഏജൻസി പറയുന്നു. “ഈ മാർച്ചിലവസാനിക്കുന്ന ത്രൈമാസത്തിൽ ഇന്ത്യൻ സന്പദ്ഘടനയുടെ തിരിച്ചുകയറ്റം തുടങ്ങിയേക്കാം. പക്ഷേ അതു വളരെ മന്ദഗതിയിലായിരിക്കും’’.
ലോകവളർച്ച ഇടിയും
കൊറോണ വൈറസ് ചൈനയുടെ മാത്രമല്ല ലോകത്തിന്റെ മൊത്തം വളർച്ച കുറയ്ക്കും. 2020-ൽ ജി-20 രാജ്യങ്ങളുടെ മൊത്തം വളർച്ച 2.4 ശതമാനത്തിലേക്കു താഴും. 2019-ലേക്കാൾ കുറവാണിത്. 2021 ആകുന്പോൾ വളർച്ച 2.8 ശതമാനത്തിലേക്കു കയറും.
ചൈനയുടെ 2020-ലെ വളർച്ച 5.2 ശതമാനമായി താഴുമെന്നാണു മൂഡീസ് കണക്കാക്കുന്നത്. അടുത്ത വർഷം 5.7 ശതമാനം വളർച്ച എന്ന മുൻനിഗമനം അവർ നിലനിർത്തി.