എജിആർ തർക്കം
Saturday, February 15, 2020 12:17 AM IST
ടെലികോം കന്പനികളുടെ രക്ഷയ്ക്കായി കൊണ്ടുവന്ന ഒരു വ്യവസ്ഥ സർക്കാർ വ്യാഖ്യാനിച്ചപ്പോൾ ടെലികോം വ്യവസായത്തിൽ വലിയ കോളിളക്കമാണുണ്ടായത്. രാജ്യത്തെ വിദേശനിക്ഷേപകരെ അസ്വസ്ഥരാക്കുന്ന ആ വ്യാഖ്യാനം ഇപ്പോൾ ടെലികോം വ്യവസായത്തെ രണ്ടു കുത്തകകൾക്ക് അടിയറവച്ചു.
1994-ൽ ടെലികോമിൽ സ്വകാര്യമേഖലയെ പ്രവേശിപ്പിച്ചപ്പോൾ വച്ച ലൈസൻസ് ഫീസ് വ്യവസ്ഥ ദുർവഹമായിരുന്നു. അതു ലഘൂകരിച്ച് 1999-ൽ കൊണ്ടുവന്നതാണ് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എജിആർ) ആശയം. ലൈസൻസ് ഫീസിന്റെ ഒരു ഭാഗവും സ്പെക്ട്രം ചാർജും വരുമാനത്തിന്റെ നിശ്ചിത ശതമാനമാക്കുന്നതായിരുന്നു ആ തീരുമാനം. എജിആറിന്റെ എട്ടു ശതമാനമാണു സർക്കാരിനു നല്കേണ്ടത്.
ടെലികോം സർവീസസിൽ നിന്നുള്ള വരുമാനം കണക്കാക്കി ഈ വിഹിതം നല്കിയിരുന്നത് ശരിയല്ലെന്നും കന്പനികളുടെ മറ്റു വരുമാനങ്ങളുടെ വിഹിതവുംകൂടി നല്കണമെന്നു സർക്കാർ ആവശ്യപ്പെട്ടതോടെയാണു പ്രശ്നം തുടങ്ങുന്നത്. പരസ്യം, മറ്റു നിക്ഷേപങ്ങളിൽനിന്നുള്ള പലിശ, ലാഭവീതം തുടങ്ങിയ എല്ലാ വരുമാനവും പെടുത്തി ടെലികോം വകുപ്പ് നോട്ടീസ് നല്കി. നിലവിലില്ലാത്തവ അടക്കം 17 കന്പനികൾക്കു നല്കിയ നോട്ടീസ് പ്രകാരം 1.47 ലക്ഷം കോടി രൂപ കിട്ടണമായിരുന്നു. ഇതിനെതിരേ കന്പനികൾ ടെലികോം കേസുകൾ പരിഗണിക്കുന്ന ടിഡിസാറ്റിൽ കേസ് നല്കി.
2007-ൽ ടിഡിസാറ്റ് സർക്കാർ വാദം സ്വീകരിച്ചു. ഇതിനെതിരേ കന്പനികൾ സുപ്രീംകോടതിയെ സമീപിച്ചു. ടിഡിസാറ്റിന്റെ ഉത്തരവ് കോടതി റദ്ദാക്കി. വീണ്ടും കേസ് പരിഗണിക്കാൻ വിധിച്ചു. അങ്ങനെ പരിഗണിച്ചപ്പോൾ കന്പനികളുടെ വാദം സ്വീകരിച്ചു. അതിനെതിരായ അപ്പീലിൽ ജസ്റ്റീസുമാരായ അരുൺ മിശ്ര, എ.എ. നസീർ, എം.ആർ. ഷാ എന്നിവരുടെ ബെഞ്ച് സർക്കാർ നിലപാട് ശരിവച്ചു. ഇതിനെതിരായ തിരുത്തൽ ഹർജികളൊന്നും കോടതി അനുവദിച്ചില്ല.
17 വർഷം നീണ്ട നിയമയുദ്ധം ഈ ഘട്ടത്തിലെത്തിയതോടെ ഒരു വലിയ വ്യവസായമേഖലയുടെ ഘടനയാകെ മാറുകയാണ്.