കൂലി കൂട്ടിയാൽ പിടിച്ചുനിൽക്കാൻ ആകില്ലെന്ന് അസോ. ഓഫ് പ്ലാന്റേഴ്സ്
Tuesday, November 12, 2019 12:15 AM IST
തിരുവനന്തപുരം: തോട്ടം മേഖലയിൽ കൂലി കൂട്ടാനുള്ള നീക്കം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അസോസിയേഷൻ ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരള (എപികെ). ഭൂരിപക്ഷം എസ്റ്റേറ്റുകളും അടച്ചുപൂട്ടലിലേക്കു നീങ്ങാൻ ഇതു വഴിതെളിക്കും. ലക്ഷക്കണക്കിനാളുകൾക്കു തൊഴിൽ നഷ്ടത്തിനു കാരണമാകും.
ഉത്പാദനച്ചെലവിലെ വർധനയും കുറഞ്ഞ ഉത്പന്നവിലയും കുറഞ്ഞ ഉത്പാദനക്ഷമതയും മൂലം കേരളത്തിലെ തോട്ടം മേഖല കടുത്ത പ്രതിസന്ധിയിലാണ്.
കഴിഞ്ഞ മൂന്നു വർഷമായി കാലാവസ്ഥയിലുണ്ടായ മാറ്റം സ്ഥിതി കൂടുതൽ വഷളാക്കി. ഇതിനിടെ, തൊഴിലാളികൾക്ക് ഇടക്കാലാശ്വാസം നൽകാനുള്ള തീരുമാനം സാന്പത്തിക നില മോശമാക്കിയിരിക്കുകയാണ്. രാജ്യത്തെ തോട്ടം മേഖലയിൽ ഏറ്റവും ഉയർന്ന കൂലി നൽകുന്നതു കേരളത്തിലാണ്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ തോട്ടവിളകളുടെയെല്ലാം വില കുത്തനെ ഇടിഞ്ഞു. പ്രവർത്തന മൂലധനത്തിനു വഴിയില്ലാതെ വലയുകയാണു തോട്ടമുടമകൾ.