ഡിജിറ്റൽ രേഖകൾ സൂക്ഷിക്കേണ്ടത് ഡിജിലോക്കർ, എംപരിവാഹൻ ആപ്പുകളിൽ
Friday, September 20, 2019 10:46 PM IST
ന്യൂഡൽഹി: ഡിജിലോക്കർ, എം പരിവാഹൻ ആപ്പുകളിൽ സൂക്ഷിക്കുന്ന രേഖകൾക്കു മാത്രമേ സാധുതയുള്ളൂവെന്ന് കേന്ദ്രസർക്കാർ. ഈ ആപ്പുകളിൽ അല്ലാതെ സൂക്ഷിക്കുന്ന രേഖകൾ യഥാർഥ രേഖയായി കണക്കാക്കാൻ കഴിയില്ലെന്നും കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഡിജിലോക്കർ, എം പരിവാഹൻ ആപ്പുകളിൽ സൂക്ഷിക്കുന്ന വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി), ഇൻഷ്വറൻസ്, ഫിറ്റ്നസ് ആൻഡ് പെർമിറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പൊലൂഷൻ സർട്ടിഫിക്കറ്റ്, മറ്റ് സുപ്രധാന രേഖകൾ എന്നിവ ഡിജിറ്റൽ രൂപത്തിൽ ഉപയോഗപ്പെടുത്താമെന്ന് കഴിഞ്ഞ വർഷം നവംബറിലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ പറഞ്ഞിട്ടുണ്ട്. ആപ്പുകൾ ഉപയോഗിക്കുന്നവർ ഈ രേഖകളുടെ പേപ്പർ രൂപങ്ങൾ കൈവശം വയ്ക്കേണ്ടതില്ല.
കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് മന്ത്രാലയത്തിന്റെ കീഴിലുള്ള മൊബൈൽ ആപ്പാണ് എം പരിവാഹൻ. അതേസമയം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ആപ്പാണ് ഡിജിലോക്കർ.