സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കാൻ നീക്കമെന്നു ധനമന്ത്രി
Saturday, September 14, 2019 11:40 PM IST
ന്യൂഡൽഹി: പ്രതിരോധ, ആഭ്യന്തര സുരക്ഷയുടെ പേരിൽ സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണ് പതിനഞ്ചാം ധനകാര്യ കമ്മീഷനിലൂടെ നടപ്പാക്കാൻ പോകുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. കേന്ദ്ര തീരുമാനങ്ങൾ സംസ്ഥാനങ്ങളെ അടിച്ചേൽപ്പിക്കാൻ ധനകാര്യ കമ്മീഷനെ ഉപയോഗിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
പ്രതിരോധത്തിനും ആഭ്യന്തര സുരക്ഷയ്ക്കും ഫണ്ട് അനുവദിക്കുന്നതു ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയമായി നൽകിയ കേന്ദ്ര നടപടി സംസ്ഥാനങ്ങളുടെ വിഹിതം കുറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിൽ പങ്കുവയ്ക്കേണ്ട നികുതി മറ്റാവശ്യത്തിനായി മാറ്റുന്നതു ഭരണഘടനാവിരുദ്ധമാണ്.
പ്രതിരോധാവശ്യത്തിന് വേണമെങ്കിൽ കേന്ദ്ര വിഹിതത്തിൽ നിന്നു പങ്കുവയ്ക്കാൻ കമ്മീഷന് ശിപാർശ ചെയ്യാം.
ഇതിനു വിരുദ്ധമായ നടപടിയുണ്ടായാൽ കോടതിയെ സമീപിക്കും- ഡൽഹിയിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ സംഘടിപ്പിച്ച സെമിനാറിനുശേഷം തോമസ് ഐസക് വ്യക്തമാക്കി.