പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും പുറമെ കുത്തരി വിലയും കുതിച്ചുയരുന്നു
Wednesday, August 21, 2019 11:25 PM IST
തൊടുപുഴ: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്തു പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും പുറമെ കുത്തരിയുടെ വിലയും കുതിച്ചുയരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ കിലോയ്ക്കു ശരാശരി നാലുരൂപ വരെ വർധിച്ചു.
വരും ദിവസങ്ങളിലും വില വർധിക്കാനാണ് സാധ്യതയെന്നും ഓണം വരെ വിലക്കയറ്റം തുടർന്നേക്കുമെന്നുമാണ് വ്യാപാരികൾ നൽകുന്ന സൂചന. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള പാലക്കാട് കൃഷിയിറക്കൽ വൈകിയതാണ് അരിവില കൂടാൻ പ്രധാന കാരണം. യഥാസമയം മഴ ലഭിക്കാതെ വന്നതിനാലാണ് കൃഷി വൈകിയത്. ഒരു മാസം കൂടി കഴിഞ്ഞെങ്കിൽ മാത്രമേ ഇവിടെ വിളവെടുപ്പ് സാധ്യമാകൂ.
സംസ്ഥാനത്തിനു പുറത്തുനിന്നു കൊണ്ടുവരുന്ന അരിയിൽ 90 ശതമാനവും കർണാടകയിൽനിന്നാണ്. വെള്ളപ്പൊക്കത്തിൽ കർണാടകയിൽ വ്യാപകമായി നെൽകൃഷിക്ക് നാശം സംഭവിച്ചിരുന്നു. ഇത് ഉത്പാദനത്തെ ബാധിച്ചതിനാൽ നെല്ലുവില ഉയരാൻ കാരണമായി. ആഴ്ചയിൽ രണ്ടും മൂന്നും രൂപ വരെ വില വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കിലോയ്ക്ക് 24-25 രൂപ നിരക്കിലാണ് കർണാടകയിൽനിന്ന് കേരളത്തിലെ അരി വ്യാപാരികൾക്ക് നെല്ലു കിട്ടുന്നത്. നെല്ല് വില വർധനയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ അരി മൊത്തവ്യാപാരികൾ വില വർധിപ്പിക്കുകയായിരുന്നു.
എന്നാൽ ആന്ധ്രയിൽനിന്നുമെത്തിക്കുന്ന ജയ അരിയുടെ (വെള്ളയരി) വിലയിൽ വർധനയുണ്ടായിട്ടില്ല. മറ്റിടങ്ങളിൽനിന്നുമെത്തിക്കുന്ന പച്ചരിക്കും വില വർധിച്ചിട്ടില്ല. കിലോയ്ക്ക് 30-33 തോതിലാണ് ഗുണമേന്മ കൂടിയ പച്ചരി വില. കുത്തരി വില വർധിച്ചതിനാൽ സംസ്ഥാനത്തെ റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന സബ്സിഡി നിരക്കിലുള്ള അരി വാങ്ങുന്നതിനു കൂടുതൽപേർ തയാറാകുന്നുണ്ട്. മൂന്നുമാസത്തോളം റേഷൻ വാങ്ങാത്തവരെ പട്ടികയിൽനിന്ന് ഒഴിവാക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് റേഷൻ കടകളിൽ തിരക്കേറുന്നത്.
ജയിസ് വാട്ടപ്പിള്ളിൽ