വാവേയെ കൈയൊഴിഞ്ഞ് ഗൂഗിൾ
Tuesday, May 21, 2019 12:13 AM IST
ന്യൂയോർക്ക്: ചൈനീസ് കന്പനിയായ വാവേയ്ക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിന്റെ അനന്തരഫലങ്ങൾ തുടരുന്നു; അമേരിക്കൻ കന്പനിയായ ഗൂഗിൾ വാവേയ്ക്ക് ആൻഡ്രോയിഡ് ഉപയോഗിക്കാൻ നൽകിയ ലൈസൻസ് റദ്ദാക്കി.
ഗൂഗിളിന്റെ ഹാർഡ്വേർ, സോഫ്റ്റ്വേർ സാങ്കേതിക സേവനങ്ങൾ തുടങ്ങിയവ വാവേയ്ക്ക് ഇനി അന്യമായിരിക്കും. എന്നാൽ, നിലവിൽ വാവേ സ്മാർട്ഫോണുകളിൽ ആൻഡ്രോയിഡ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവർക്കു തങ്ങളുടെ സേവനങ്ങൾ തുടരുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ആപ്പുകൾ ഡൗണ്‍ലോഡ് ചെയ്യാനും സുരക്ഷാ അപ്ഡേറ്റുകൾ ചെയ്യാനും കഴിയുമെന്നും ലൈസൻസ് റദ്ദാക്കലിന്റെ വ്യാപ്തി പഠിച്ചുവരുന്നതേയുള്ളുവെന്നും ഗൂഗിൾ വക്താവ് പറഞ്ഞു.
എന്നാൽ, ആൻഡ്രോയ്ഡിന്റെ പുതിയ വേർഷനുകൾ ഇക്കൂട്ടർക്കു ലഭിക്കില്ല. അതേസമയം, പുതിയ വാവേ ഉപയോക്താക്കൾക്ക് ആൻഡ്രോയിഡ് ഓപ്പണ്‍സോഴ്സ് പ്രോജക്ടിലുള്ള ആൻഡ്രോയിഡ് വേർഷൻ മാത്രമായിരിക്കും ഉപയോഗിക്കാൻ കഴിയുക. ഗൂഗിളിന്റെ രജിസ്റ്റേർഡ് ട്രേഡ്മാർക്കിനു കീഴിലുള്ള ആപ്പുകൾ, അതായത് ജി മെയിൽ, യു ട്യൂബ്, ഗൂഗിൾ മാപ്പ് തുടങ്ങിയവ ഉപയോഗിക്കാൻ കഴിയാതെവരും. ഗൂഗിൾ പ്ലേ സ്റ്റോറും ലഭ്യമല്ലാതാകും. എന്തായാലും ചൈനയ്ക്കു വെളിയിലുള്ള വിപണികളിൽ വാവേയ്ക്കു തിരിച്ചടിയുടെ നാളുകളായിരിക്കുമെന്നാണ് വിലയിരുത്തൽ. വാവേയുടെ ഉപവിഭാഗമായ ഹോണറിനും ഗൂഗിളിന്റെ നടപടി പ്രതിസന്ധി സൃഷ്ടിച്ചേക്കും. ചൈനീസ് വിപണിയിൽ വേരോട്ടമുള്ള, ആപ്പിൾ ഉൾപ്പെടെയുള്ള അമേരിക്കൻ കന്പനികൾക്കും പ്രതിസന്ധിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സ്മാർട്ഫോൺ വിപണിയിൽ ഒന്നാമതെത്താനുള്ള വാവോയുടെ ലക്ഷ്യം പരാജയപ്പെടുമെന്ന് ഇതോടെ ഉറപ്പായി.
തഴഞ്ഞ് മറ്റു കന്പനികളും
ഗൂഗിളിനു പു റമേ ഇന്റൽ, ക്വാൽകോം, ബ്രോഡ്കോം, ക്സിലിംഗ്സ് തുടങ്ങിയ അമേരിക്കൻ കന്പനികളും വാവേയുമായുള്ള സഹകരണം അവസാനിപ്പിച്ചു. വാവേയ്ക്കു സെർവർ ചിപ്പുകൾ നൽകിയിരുന്നത് ഇന്റൽ ആണ്. നെറ്റ്വർക്കിംഗ് ആവശ്യങ്ങൾക്കുള്ള ചിപ്പ്സെറ്റുകൾ ആണ് പ്രധാനമായും ക്സിലംഗ്സ് നല്‍കിയിരുന്നത്. എന്നാൽ, വാവേയ്ക്കു സ്വന്തമായി ചിപ്സെറ്റ് കന്പനിയുളളതിനാൽ വലിയ പ്രതിസന്ധിയുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. സ്മാർട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ, സ്മാർട്വാച്ചുകൾ തുടങ്ങിയവയിൽനിന്നാണ് കഴിഞ്ഞ വർഷം വാവേയുടെ വരുമാനത്തിന്റെ 45 ശതമാനവും ലഭിച്ചത്.
ആശങ്ക വേണ്ട: വാവേ
ലണ്ടൻ: തങ്ങളുടെ ഉപയോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും സ്മാർട്ഫോണുകൾക്കു സുരക്ഷാ അപ്ഡേറ്റുകളും മറ്റും കൃത്യമായി നൽകുമെന്നും വാവേ. “ലോകമെന്പാടുമുള്ള ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വികാസത്തിലും വളർച്ചയിലും തങ്ങൾ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. വാവേയുടെയും ഹോണറിന്റെയും സ്മാർട്ഫോണുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ആവശ്യമായതെല്ലാം ചെയ്തിട്ടുമുണ്ട്’’- വാവേ വക്താവ് പറഞ്ഞു. അമേരിക്കൻ തിരിച്ചടി മുന്നിൽകണ്ട് മാസങ്ങൾക്കു മുന്‍പുതന്നെ വാവേ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം ആവിഷ്കരിക്കാനുള്ള നടപടി തുടങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.