അഫ്ഗാൻ, ഇറാക്കി അഭയാർഥികളെ നാടുകടത്തി ജർമനി
Wednesday, July 23, 2025 1:14 AM IST
ബർലിൻ: അഭയാർഥികളിലെ കുറ്റവാളികളെ നാടുകടത്തുന്ന നടപടി ശക്തമാക്കി ജർമനി. കഴിഞ്ഞ ദിവസം 81 അഫ്ഗാൻ അഭയാർഥികളെ ലൈപ് സിഗ് വിമാനത്താവളത്തിൽനിന്നു കാബൂളിലേക്ക് കയറ്റിവിട്ടതിനു പിന്നാലെ ഇന്നലെ നിരവധി ഇറാക്കി അഭയാർഥികളെയും ഇതേ വിമാനത്താവളത്തിൽനിന്നു പ്രത്യേക വിമാനത്തിൽ നാടുകടത്തി.
വെള്ളിയാഴ്ച രാവിലെ നാടുകടത്തിയ അഫ്ഗാൻ പൗരന്മാരെല്ലാവരും പുരുഷന്മാരാണ്. ഖത്തറിന്റെ സഹായത്തോടെയാണു നാടുകടത്തൽ നടപടിയെന്നും ആഴ്ചകൾ നീണ്ട ചർച്ചകൾക്കുശേഷമാണ് ഇക്കാര്യം തീരുമാനിച്ചതെന്നും ചാൻസലർ ഫ്രെഡറിക് മെർസ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരുമായി ബന്ധമുണ്ടെന്നു പറഞ്ഞ അദ്ദേഹം ഇതിൽ കൂടുതൽ വിശദീകരണം നൽകിയില്ല. പത്തു മാസം മുന്പും ജർമനി അഫ്ഗാൻ അഭയാർഥികളെ നാടുകടത്തിയിരുന്നു. ഈ വർഷം ഇതുവരെ 816 ഇറാക്കി അഭയാർഥികളെയാണു നാടുകടത്തിയതെന്ന് ജർമൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.