പാരീസിലെ ബസിലിക്കയിൽ അതിക്രമം; അക്രമി പിടിയിൽ
Wednesday, July 9, 2025 5:50 AM IST
പാരീസ്: പാരീസിലെ മോമാർത്ര് കുന്നിൻമുകളിലുള്ള തിരുഹൃദയ ബസിലിക്കാ പള്ളിയിൽ ഇസ്ലാമിക തീവ്രവാദിയുടെ വിളയാട്ടം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ ഏതാണ്ട് വിജനമായ പള്ളിയിൽ പ്രവേശിച്ച ഇയാൾ അൾത്താരയിൽ ചാടിക്കയറുകയും മതമുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
തടയാനെത്തിയ പള്ളി ജീവനക്കാരനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ഇയാളെ ഉടനടി സ്ഥലത്തെത്തിയ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമിയുടെ മർദനമേറ്റ ജീവനക്കാരൻ ചികിത്സ തേടി. ഇയാളുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
1987ൽ പണി തുടങ്ങി 1919ൽ പൂർത്തിയായ ബസിലിക്ക പാരീസിലെ ഏറ്റവും പ്രസിദ്ധമായ ദൃശ്യങ്ങളിലൊന്നാണ്. മോമാർത്ര് കുന്നിൻമുകളിലെ പള്ളിമുറ്റത്തുനിന്ന് നോക്കിയാൽ പാരീസിന്റെ വിശാലദൃശ്യം ലഭിക്കും. പാരീസ് നഗരത്തിന്റെ മധ്യസ്ഥനായ വിശുദ്ധ ഡെന്നീസിന്റെ രക്തസാക്ഷിത്വം നടന്ന സ്ഥലത്താണ് ഈ പള്ളി പണിതിരിക്കുന്നത്. 1885 മുതൽ ഈ പള്ളിയിൽ നിത്യാരാധന നടക്കുന്നുണ്ട്.