താരിഫ്: 12 രാജ്യങ്ങൾക്കു കത്ത് തയാറെന്ന് ട്രംപ്
Sunday, July 6, 2025 12:49 AM IST
വാഷിംഗ്ടൺ: രാജ്യങ്ങൾക്കുമേൽ ചുമത്താൻ ലക്ഷ്യമിടുന്ന താരിഫ് നിരക്ക് വ്യക്തമാക്കി 12 രാജ്യങ്ങൾക്കുള്ള കത്തുകൾ തയാറായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
താൻ ഒപ്പുവച്ച കത്തുകൾ തിങ്കളാഴ്ച പുറത്തിറങ്ങും എന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഏതെല്ലാം രാജ്യങ്ങൾക്കുള്ള കത്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
വ്യത്യസ്ത തുകകളും വ്യത്യസ്ത താരിഫ് നിരക്കുകളും ആയിരിക്കും കത്തുകളിൽ എന്നാണ് ട്രംപ് പറയുന്നത്. ഈ മാസം ഒന്പതാണ് പകരച്ചുങ്കത്തിന്റെ കാര്യത്തിൽ ട്രംപ് നിശ്ചയിച്ചിരിക്കുന്ന സമയപരിധി.
കത്തു തയാറാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ തായ്വാൻ മുതൽ യൂറോപ്യൻ രാജ്യങ്ങൾ വരെയുണ്ടെന്നാണ് കരുതുന്നത്. “സ്വീകരിക്കുക, അല്ലെങ്കിൽ ഉപേക്ഷിക്കുക’’ എന്നതാണ് കത്തിന്റെ ഉള്ളടക്കമെന്ന് അമേരിക്കൻ മാധ്യമങ്ങൾ വിശദീകരിക്കുന്നു.
പത്തു മുതൽ 70 ശതമാനം വരെയാണ് ട്രംപ് വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയിരിക്കുന്ന ചുങ്കം. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഈ വിഷയത്തിൽ അമേരിക്കയുമായി ചർച്ച നടത്തിവരികയാണ്.