‘വൺ ബ്യൂട്ടിഫുൾ ബിൽ’ പ്രാബല്യത്തിൽ
Saturday, July 5, 2025 1:05 AM IST
വാഷിംഗ്ടൺ ഡിസി: വൻതോതിൽ നികുതി വെട്ടിക്കുറയ്ക്കാനും പ്രതിരോധച്ചെലവ് വർധിപ്പിക്കാനുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച ‘വൺ ബ്യൂട്ടിഫുൾ ബിൽ നിയമം’ അമേരിക്കൻ കോൺഗ്രസ് പാസാക്കി.
അമേരിക്കൻ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിന് വൈറ്റ്ഹൗസിൽ ട്രംപ് ഒപ്പുവയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. ഇറാനിലെ ആണവകേന്ദ്രങ്ങളിൽ ബോംബിട്ട വ്യോമസേനാ പൈലറ്റുമാരെയും ഒപ്പിടൽ ചടങ്ങിലേക്കു ക്ഷണിച്ചു.
വ്യാഴാഴ്ച ജനപ്രതിനിധിസഭയിൽ 214നെതിരേ 218 വോട്ടുകൾക്കാണ് ബിൽ പാസായത്. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് 2017ൽ കൊണ്ടുവന്നതും ഈ വർഷം കാലാവധി തീരുന്നതുമായ നികുതിയിളവുകൾ സ്ഥിരപ്പെടുത്താനാണു ബില്ലിൽ നിർദേശിക്കുന്നത്.
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കൽ, കുടിയേറ്റം തടയാൻ അതിർത്തി ശക്തിപ്പെടുത്തൽ, ശുദ്ധോർജ പദ്ധതികളിൽനിന്നുള്ള പിന്മാറ്റം, സാമൂഹിക സുരക്ഷാപദ്ധതികൾ വെട്ടിച്ചുരുക്കൽ തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ആരോഗ്യ, ഭക്ഷ്യ പദ്ധതികളിൽനിന്നുള്ള യുഎസ് സർക്കാരിന്റെ പിന്മാറ്റം താഴ്ന്ന വരുമാനക്കാരെ ഗുരുതരമായി ബാധിക്കുമെന്നു ബില്ലിന്റെ വിമർശകർ ചൂണ്ടിക്കാട്ടുന്നു. ബിൽ നടപ്പായാൽ അമേരിക്കയുടെ പൊതുകടം വർധിക്കുമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക് ആരോപിച്ചിരുന്നു. ഈ ബില്ലിന്റെ പേരിലാണ് മസ്ക് ട്രംപുമായി ഉടക്കിപ്പിരിഞ്ഞത്.