ടെക്സസ് പ്രളയം: മരണം 81
Monday, July 7, 2025 11:14 PM IST
ഓസ്റ്റിൻ: അമേരിക്കയിലെ ടെക്സസിൽ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 81 ആയി. 41 പേരെ കണ്ടെത്താനുണ്ട്.
ഗ്വാദലൂപ്പെ നദീതീരത്തുള്ള കെർ കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. എഴുനൂറോളം പെൺകുട്ടികൾ വേനൽക്കാല ക്യാന്പിൽ പങ്കെടുത്തത് ഇവിടെയായിരുന്നു.
ട്രാവിസ് കൗണ്ടി, ബേണറ്റ് കൗണ്ടി, വില്യംസൺ കൗണ്ടി, കെണ്ടാൽ കൗണ്ടി, ടോം ഗ്രീൻ കൗണ്ടി എന്നിവിടങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ചയും പ്രളയജലം ഇറങ്ങിയിട്ടില്ല. കൂടുതൽ മഴ പെയ്യുമെന്ന പ്രവചനമുണ്ട്. ഇത്തരം സാഹചര്യങ്ങൾ തെരച്ചിലിനു പ്രതികൂലമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ടെക്സസ് അധികൃതർ നല്കിയ സൂചന.
പെൺകുട്ടികളുടെ ക്യാന്പ് നടന്ന സ്ഥലത്താണ് വലിയ തോതിൽ തെരച്ചിൽ നടക്കുന്നത്. മരണപ്പെട്ടവരിൽ ഒട്ടേറെ പെൺകുട്ടികൾ ഉൾപ്പെടുന്നു. കാണാതായവരിലും പെൺകുട്ടികളുണ്ട്. എല്ലാവരെയും കണ്ടെത്തിയ ശേഷമേ തെരച്ചിൽ അവസാനിപ്പിക്കൂ എന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ആവർത്തിച്ചു.
വെള്ളിയാഴ്ച പുലർച്ചെ കനത്ത മഴ പെയ്ത് നദി കരകവിഞ്ഞതാണ് വൻ ദുരന്തത്തിനിടയാക്കിയത്.