യുദ്ധം അവസാനിപ്പിക്കാൻ താത്പര്യമില്ല; പുടിൻ നിരാശപ്പെടുത്തിയെന്ന് ട്രംപ്
Saturday, July 5, 2025 1:05 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ ഫോൺ ചർച്ചയിൽ നിരാശ പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ പുടിനു താത്പര്യമില്ലെന്നും തനിക്കു വല്ലാതെ നിരാശ തോന്നിയെന്നും ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
നാറ്റോ വിപുലീകരണം, യുക്രെയ്നുള്ള പാശ്ചാത്യ പിന്തുണ തുടങ്ങിയ മൂലകാരണങ്ങൾക്കു പരിഹാരം കണ്ടെത്താതെ യുദ്ധം അവസാനിപ്പിക്കാനില്ലെന്നു പുടിൻ ട്രംപിനോടു പറഞ്ഞതായി ക്രെംലിൻ വൃത്തങ്ങൾ അറിയിച്ചു.
ഇതിനിടെ, സമാധാന ചർച്ചയിൽ അമേരിക്കയെ മാറ്റിനിർത്താനുള്ള നീക്കങ്ങൾ റഷ്യ ആരംഭിച്ചതായും സൂചനയുണ്ട്. റഷ്യയും യുക്രെയ്നും തമ്മിലാണു സമാധാന ചർച്ചകൾ നടക്കേണ്ടതെന്നു പുടിന്റെ ഉപദേശകനായ യൂറി ഉഷക്കോവ് ഇന്നലെ പറഞ്ഞു. നേരിട്ടു കൂടിക്കാഴ്ച നടത്തുന്ന കാര്യം പുടിനും ട്രംപും ഫോണിൽ ചർച്ച ചെയ്തില്ലെന്നും ഉഷക്കോവ് കൂട്ടിച്ചേർത്തു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് നടത്തുന്ന ശ്രമങ്ങൾ ഏതാണ്ടു മരവിച്ചുവെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. വെടിനിർത്തലിനു പ്രേരിപ്പിക്കാൻ തക്ക സമ്മർദം പുടിനുമേൽ ചെലുത്താൻ ട്രംപിനു കഴിയുന്നില്ല.
യുക്രെയ്ന് ആയുധം നല്കുന്നത് നിർത്തിയിട്ടില്ല
ഇതിനിടെ, യുക്രെയ്നിലേക്കുള്ള അമേരിക്കൻ ആയുധക്കയറ്റുമതി പൂർണമായി നിർത്തിയിട്ടില്ലെന്നു ട്രംപ് അറിയിച്ചു. അമേരിക്കയുടെ ആയുധശേഖരം കുറയുന്ന പശ്ചാത്തലത്തിൽ ചില മിസൈലുകൾ യുക്രെയ്നു നല്കുന്നത് നിർത്തിവച്ചുവെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുക്രെയ്ന് ധാരാളം ആയുധങ്ങൾ നല്കിയ മുൻ പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കൻ പ്രതിരോധമേഖലയെ ദുർബലമാക്കിയെന്ന് ട്രംപ് ആരോപിച്ചു. ബൈഡൻ രാജ്യത്തെ മുഴുവൻ ശൂന്യമാക്കി. എന്നാൽ, ഇപ്പോഴും യുക്രെയ്ന് അമേരിക്ക ആയുധം നല്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്നിൽ വ്യോമാക്രമണം
പുടിൻ-ട്രംപ് ഫോൺ ചർച്ചയ്ക്കു പിന്നാലെ റഷ്യൻ സേന യുക്രെയ്നിൽ വൻ വ്യോമാക്രമണം നടത്തി. 550 ഡ്രോണുകളും 11 മിസൈലുകളും റഷ്യൻ സേന പ്രയോഗിച്ചുവെന്നാണ് യുക്രെയ്ൻ അറിയിച്ചത്.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ 23 പേർക്കു പരിക്കേറ്റു. പാർപ്പിടകേന്ദ്രങ്ങൾ, സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ മുതലായവയാണ് ആക്രമിക്കപ്പെട്ടത്. വടക്കൻ കീവിലെ പാർപ്പിട സമുച്ചയത്തിൽ വൻ അഗ്നിബാധയുണ്ടായി. കീവിലെ പോളിഷ് എംബസിക്കു കേടുപാടുണ്ടായതായും അറിയിപ്പിൽ പറയുന്നു.