വെടിനിർത്തൽ ചർച്ച: ഇസ്രേലി സംഘം ഖത്തറിൽ
Monday, July 7, 2025 12:47 AM IST
ടെൽ അവീവ്: അമേരിക്ക മുന്നോട്ടുവച്ച ഗാസ വെടിനിർത്തൽ കരാറിൽ ഹമാസ് ആവശ്യപ്പെട്ട ഭേദഗതികൾ അംഗീകരിക്കാവില്ലെന്ന് ഇസ്രയേൽ. എന്നിരുന്നാലും വെടിനിർത്തൽ ചർച്ചയ്ക്കായി ഇസ്രേലിസംഘത്തെ ഖത്തറിലേക്ക് അയച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
60 ദിവസത്തേക്കു വെടിനിർത്താനുള്ള കരാറാണു പരിഗണനയിൽ. ഇത് ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ട്രംപ് നേരത്തേ അറിയിച്ചിരുന്നു.
എന്നാൽ, ഗാസയിൽനിന്നുള്ള ഇസ്രേലി സേനയുടെ പിന്മാറ്റം സംബന്ധിച്ചു വ്യക്തത വേണമെന്നാണു ഹമാസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസയ്ക്കാവശ്യമായ സഹായം ലഭിക്കുമോ എന്നതു സംബന്ധിച്ച ആശങ്കയും ഹമാസ് ഉന്നയിച്ചിട്ടുണ്ട്.
ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ഇന്ന് അമേരിക്കയിൽ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഗാസ വെടിനിർത്തൽ കരാറായിരിക്കും പ്രധാന ചർച്ചാവിഷയമെന്നാണ് സൂചന.