ദുരന്തം അപ്രതീക്ഷിതം; വിറങ്ങലിച്ചു ടെക്സസ്
Monday, July 7, 2025 1:40 AM IST
ഓസ്റ്റിൻ: അപ്രതീക്ഷിത പ്രളയദുരന്തത്തിൽ മരണസംഖ്യ 67 ആയി ഉയര്‍ന്നതോടെ ടെക്സസ് സംസ്ഥാനം അതീവ ദുരിതത്തിലായി. മിന്നല്‍പ്രളയം താണ്ഡവമാടിയ കെർ കൗണ്ടിയിലെ ഗ്വാദലൂപ്പെ നദീതീരത്തുനിന്ന് പുറത്തുവരുന്ന കാഴ്ചകൾ ഹൃദയഭേദകമാണ്. കൂറ്റൻ മരങ്ങളുടെയും കല്ലുകളുടെയും അടിയിൽപ്പെട്ടു തകർന്നുകിടക്കുന്ന വാഹനങ്ങളും കെട്ടിടാവശിഷ്ടങ്ങളും നിരവധിയാണ്.
പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ചത് കെര്‍ കൗണ്ടിയിലെ ക്യാന്പ് മിസ്റ്റിക് എന്ന വേനല്‍ക്കാല ക്യാന്പ് സൈറ്റിലാണ്. എഴുനൂറോളം പെണ്‍കുട്ടികള്‍ ക്യാന്പിലുണ്ടായിരുന്ന സമയത്താണ് ഗ്വാദലൂപ്പെ നദി കരകവിഞ്ഞൊഴുകിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ നദിയിലെ ജലനിരപ്പ് 29 അടിയിലേറെ ഉയര്‍ന്ന് സർവനാശം വിതയ്ക്കുകയായിരുന്നു.
ക്യാന്പിലെ കാബിനുകള്‍ കൂട്ടത്തോടെ ഒലിച്ചുപോയി. പ്രളയ മുന്നറിയിപ്പ് നല്കാന് പോലും സമയം ലഭിക്കാതെ എല്ലാം നശിച്ചുപോയെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. ക്യാന്പ് സൈറ്റിൽ ഇപ്പോൾ അവശേഷിക്കുന്നത് ചെളിക്കൂന്പാരമാണ്. ഇതു നീക്കിയാണു കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുന്നത്.
“എല്ലാം ഒരു നിമിഷംകൊണ്ടാണു സംഭവിച്ചത്. ഉറങ്ങിക്കിടന്നിരുന്ന കുട്ടികള്‍ പലരും പ്രളയത്തില്‍ അകപ്പെട്ടുപോയി” -രക്ഷാപ്രവര്‍ത്തകനായ റോബർട്സൺ പറഞ്ഞു. കാണാതായ മക്കളുടെ വിവരങ്ങൾ തേടി നിരവധി രക്ഷിതാക്കളാണു സ്ഥലത്ത് ക്യാന്പ് ചെയ്യുന്നത്.
മരങ്ങളിലും വീടുകളുടെ മേല്‍ക്കൂരകളിലും അഭയം തേടിയവരെ സാഹസികമായാണു രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചത്. വൈദ്യുതിയും കുടിവെള്ളവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പലയിടത്തും തകരാറിലായതിനാല്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.
യുഎസ് കോസ്റ്റ് ഗാര്‍ഡും മറ്റ് രക്ഷാപ്രവര്‍ത്തക സംഘങ്ങളും ഹെലികോപ്റ്ററുകളും ബോട്ടുകളും ഡ്രോണുകളും ഉപയോഗിച്ച് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇതുവരെ 850ലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.