യുക്രെയ്ന് ആയുധങ്ങൾ നൽകി സഹായിക്കുന്നത് തുടരുമെന്നു ട്രംപ്
Wednesday, July 9, 2025 5:50 AM IST
വാഷിംഗ്ടൺ: യുക്രെയ്നിലേക്കുള്ള ആയുധക്കയറ്റുമതി നിർത്തിവയ്ക്കാൻ തീരുമാനിച്ച് ദിവസങ്ങൾക്കുശേഷം, ആയുധങ്ങൾ നൽകുന്നത് തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. രാജ്യത്തിന്റെ ആയുധശേഖരത്തിൽ കുറവ് വരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യുക്രെയ്നിന് ചില ആയുധങ്ങൾ നൽകുന്നത് താത്കാലികമായി നിർത്തിവയ്ക്കുമെന്ന് പെന്റഗൺ കഴിഞ്ഞയാഴ്ച അറിയിച്ചത്.
“അവർ കടുത്ത ആക്രമണം നേരിടുന്നുണ്ട്. അവർക്ക് സ്വയം പ്രതിരോധിക്കണം. അതിനാൽ ഞങ്ങൾ കുറച്ചുകൂടി ആയുധങ്ങൾ അയയ്ക്കാൻ പോകുന്നു”, ട്രംപ് പറഞ്ഞു. ആയുധവിതരണം പൊടുന്നനെ നിർത്തിവയ്ക്കാനുള്ള യുഎസിന്റെ മുൻതീരുമാനം യുക്രെയ്നെയും സഖ്യകക്ഷികളെയും അദ്ഭുതപ്പെടുത്തിയിരുന്നു. ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ആയുധങ്ങൾ കയറ്റിയയ്ക്കുന്ന നടപടി പുനരാരംഭിക്കുമെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ സ്ഥിരീകരിച്ചു.
തിങ്കളാഴ്ച ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനായി വൈറ്റ് ഹൗസിൽ ഒരുക്കിയ അത്താഴവിരുന്നിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ട്രംപ് വിമർശിച്ചു. യുക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ശ്രമിച്ചുവരികയാണ്.
സമാധാന ചർച്ചകളിലേക്ക് പുടിനെ എത്തിക്കാൻ റഷ്യയുടെ എണ്ണ വ്യവസായത്തിനു മേൽ പുതിയ ഉപരോധങ്ങൾ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. റഷ്യയുടെ എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്കുമേൽ 500 ശതമാനം തീരുവ ചുമത്താനുള്ള ബില്ലുമായി മുന്നോട്ടുപോകാൻ ട്രംപ് തനിക്ക് അനുമതി നൽകിയിട്ടുണ്ടെന്നു സെനറ്റർ ലിൻഡ്സേ ഗ്രഹാമും പറഞ്ഞു. ഇത് ഇന്ത്യക്കും ചൈനയ്ക്കും തിരിച്ചടിയാകുമെന്നു കരുതപ്പെടുന്നു.
ട്രംപിനെ സമാധാന നൊബേലിന് നാമനിർദേശം ചെയ്ത് നെതന്യാഹു
വാഷിംഗ്ടൺ: ഇറാനും ഇസ്രയേലും തമ്മിലുണ്ടായ സംഘർഷത്തിൽ ഇടപെട്ടതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ഇസ്രയേൽ പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ട്രംപിനെ സമാധാന നൊബേലിനു നാമനിർദേശം ചെയ്തുകൊണ്ടു നൊബേൽ കമ്മിറ്റിക്ക് കത്തയച്ചിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേലികളുടെ മാത്രമല്ല, മൊത്തം ജൂതരുടെ അഭിനന്ദനവും ആരാധനയും പ്രകടിപ്പിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം കത്ത് ട്രംപിന് നൽകിയത്.