റഷ്യൻ ജനറൽ കൊല്ലപ്പെട്ടു
Friday, July 4, 2025 2:39 AM IST
മോസ്കോ: റഷ്യൻ നാവികസേനാ ഉപമേധാവി മേജർ ജനറൽ മിഖായേൽ ഗുഡ്കോവ് യുക്രെയ്ൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
റഷ്യയിലെ കുർസ്ക് മേഖലയിൽ യുക്രെയ്ൻ സേന നടത്തിയ ആക്രമണത്തിൽ ഗുഡ്കോവും മറ്റ് പത്ത് റഷ്യൻ സൈനികരും കൊല്ലപ്പെട്ടുവെന്നാണു റിപ്പോർട്ട്.
2022 ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയശേഷം റഷ്യൻ ഭാഗത്ത് കൊല്ലപ്പെടുന്ന ഏറ്റവും ഉയർന്ന സൈനിക ഉദ്യോഗസ്ഥരിലൊരാളാണ് ഗുഡ്കോവ്. ജോലിനിർവഹണത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടുവെന്നാണു റഷ്യൻ വൃത്തങ്ങൾ പറഞ്ഞത്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇക്കഴിഞ്ഞ മാർച്ചിലാണ് ഗുഡ്കോവിനെ നാവികസേനാ ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ആയി നിയമിച്ചത്. യുക്രെയ്ന്റെ ആക്രമണം നേരിടുന്ന കുർസ്കിൽ വിന്യസിക്കപ്പെട്ട നാവികസേനാ മറീനുകളെ നയിച്ചത് ഗുഡ്കോവ് ആയിരുന്നു.