വെടിനിർത്തൽ പരിഗണിച്ച് ഹമാസ്; യുദ്ധം അവസാനിക്കുമെന്ന ഉറപ്പു കിട്ടണമെന്ന്
Friday, July 4, 2025 2:39 AM IST
കയ്റോ: അമേരിക്ക മുന്നോട്ടുവച്ച വെടിനിർത്തൽ കരാറിലെ വിശദാംശങ്ങൾ ഗാസയിലെ ഹമാസ് പരിഗണിച്ചുവരുന്നതായി റിപ്പോർട്ട്.
യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിലേക്കു വഴിവയ്ക്കുമെങ്കിൽ 60 ദിവസത്തെ വെടിനിർത്തലിനു ഹമാസ് തയാറാണെന്ന സൂചനയാണു ലഭിക്കുന്നത്. യുദ്ധം അവസാനിക്കുമെന്നതിൽ ഉറപ്പു വേണമെന്നാണ് ഹമാസിന്റെ ആവശ്യം.
വെടിനിർത്തൽ മാനദണ്ഡങ്ങൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇക്കാര്യം ഔദ്യോഗികമായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, പ്രധാനമന്ത്രി നെതന്യാഹു അടുത്തായാഴ്ച നടത്തുന്ന അമേരിക്കാ സന്ദർശനത്തിനിടെ വെടിനിർത്തൽ പ്രഖ്യാപനമുണ്ടാകുമെന്ന സൂചന ഇസ്രേലി വൃത്തങ്ങൾ നല്കി.
ഗാസയിൽ ബന്ദികളായി തുടരുന്നവരിൽ പത്തു പേരെ മോചിപ്പിക്കാനും 18 പേരുടെ മൃതദേഹങ്ങൾ കൈമാറാനുമാണു വെടിനിർത്തൽ കരാറിൽ നിർദേശിക്കുന്നത്. ഇസ്രേലി ജയിലുകളിലുള്ള പലസ്തീൻ തടവുകാരും മോചിതരാകും.
50 ബന്ദികളെയാണ് ഗാസയിൽനിന്നു വിട്ടുകിട്ടാനുള്ളത്. ഇതിൽ 20 പേരേ ജീവനോടെയുള്ളൂ എന്നാണ് നിഗമനം.